കരുണ വറ്റാത്ത മനസ്സുകളുടെ കാരുണ്യം കാത്ത് സൽമ തസ്ലിൻ
text_fieldsസൽമ തസ്ലിൻ
എകരൂൽ: മാരകമായ ‘മീസിൽസ് എൻസഫലൈറ്റിസ്‘ രോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഉണ്ണികുളം ഇയ്യാട് പുളിയരുകണ്ടി സൽമ തസ്ലിൻ എന്ന 13 വയസ്സുകാരിക്ക് വേണം കരുണയുള്ളവരുടെ കൈത്താങ്ങ്.
മദ്റസ അധ്യാപകനായ മുഹമ്മദ് സഅദിയുടെ മകളാണ് സൽമ. അദ്ദേഹത്തിന്റെ ചെറിയ വരുമാനം കൊണ്ടാണ് ഭാര്യയും അഞ്ചുപെൺമക്കളും അടങ്ങിയ കുടുംബം കഴിഞ്ഞിരുന്നത്. സൽമയുടെ രോഗം മൂർച്ഛിച്ചതോടെ കുടുംബത്തിന്റെ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്.
ചികിത്സാ ചെലവ് മാത്രം ദിവസം 50,000 രൂപയിലധികം വരും. നിത്യജീവിതത്തിന് പോലും വഴിമുട്ടിയ കുടുംബത്തിന് താങ്ങാവുന്നതിന് മേലെയാണ് ഈ തുക. തുടർ ചികിത്സക്ക് 20 ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദാരമതികളുടെ സഹായം ഉണ്ടെങ്കിലേ സൽമയുടെ ചികിത്സയും കുടുംബത്തിന്റെ ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ.
അഡ്വ. സച്ചിൻദേവ് എം.എൽ.എ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ, വാർഡ് മെംബർമാരായ അതുൽ പുറക്കാട്, ഗിരിജ തെക്കേടത്ത് എന്നിവർ രക്ഷാധികാരികളായി സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ സഹായ സമിതി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്.
ഷമീർ മൂലക്കണ്ടി (ചെയർമാൻ), എ.കെ. ഗഫൂർ ഇയ്യാട്, എൻ. രമേശൻ (വൈസ് ചെയർമാൻ), ഇ.സി. നൗഷാദ് മാസ്റ്റർ (കൺവീനർ), ടി.പി. മനാഫ് മാസ്റ്റർ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. CONTACT NUMBER: 9947835851, 9048810248. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൂനൂർ ബ്രാഞ്ചിൽ ചികിത്സാസഹായ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 32996823241, IFSC: SBIN0008662, NAME: MUHAMMED, BRANCH: SBI POONOOR, GPAY- 9745 587 076.