മഞ്ഞമ്പ്രമല പട്ടികജാതി ശ്മശാന ഭൂമി; സർവേ നടപടികൾ ആരംഭിച്ചു
text_fieldsഎകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 23ൽ ശിവപുരം വില്ലേജിൽപെട്ട മഞ്ഞമ്പ്രമല പട്ടികജാതി ശ്മശാനഭൂമിയുടെ സർവേ നടപടികൾ ആരംഭിച്ചു. വർഷങ്ങൾ പഴക്കമുള്ള പട്ടികജാതി ശ്മശാനഭൂമി കൃത്യമായ രേഖകളില്ലാത്തത് കാരണം സംസ്ഥാന സർക്കാറിന്റെയോ ത്രിതല പഞ്ചായത്തുകളുടെയോ ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി താമരശ്ശേരി താലൂക്കിൽ നടന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ സമർപ്പിച്ച അപേക്ഷ പ്രകാരമാണ് സർവേ നടപടികൾ ആരംഭിച്ചത്. താലൂക്ക് സർവേയർ പി.പി. പ്രസാദ്, ശിവപുരം വില്ലേജ് ഓഫിസർ കെ. സുധീര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, വാർഡ് മെംബർമാരായ നളിനി മുച്ചിലോട്ട്, എം.കെ. വിപിൻ തുടങ്ങിയവർ പങ്കെടുത്തു. സർവേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.