അച്ചടിമഷി പുരണ്ട പെൺകരുത്തിൽ കുരുത്ത ജീവിതസ്വപ്നങ്ങൾ
text_fieldsഎകരൂൽ: 19 വർഷത്തെ അച്ചടിമഷി പുരണ്ട പെൺകരുത്തിന്റെ വിജയമാണ് ഉണ്ണികുളം പഞ്ചായത്തിലെ സി.ഡി.എസിനു കീഴിൽ ഒരുകൂട്ടം കുടുംബശ്രീ വനിതകൾ നേടിയെടുത്തത്. ഇയ്യാട് അങ്ങാടിയിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ‘ഉദയം ഓഫ്സെറ്റ് പ്രിൻറിങ് പ്രസ്’ അച്ചടി മേഖലയിൽ വേറിട്ട പെൺകരുത്താവുകയാണ്. കുടുംബശ്രീ ജില്ല മിഷന്റെ മികച്ച യൂനിറ്റുകളിലൊന്നായ ഉദയം പ്രസ് 2004ലാണ് ആരംഭിച്ചത്. അന്നത്തെ 17 ാം വാർഡ് കുടുംബശ്രീയിലെ വീട്ടമ്മയായ എം.കെ. സഫിയയുടെ നേതൃത്വത്തിൽ 10 അയൽക്കൂട്ട വനിതകൾ ചേർന്ന് ഉപജീവനമാർഗം എന്തെങ്കിലും വേണമെന്ന തീരുമാനത്തിലാണ് ഈ സംരംഭത്തിന്റെ തുടക്കം.
കൂലിപ്പണി ചെയ്തിരുന്ന 10 ഗ്രാമീണ സ്ത്രീകൾ ചാലക്കുടിയിൽ പോയി പരിശീലനം നേടിയാണ് ആദ്യമായി ബൈൻഡിങ് യൂനിറ്റ് തുടങ്ങിയത്. രണ്ടുലക്ഷം രൂപയായിരുന്നു അന്ന് മുതൽമുടക്ക്. ലക്ഷം രൂപ സബ്സിഡിയായും 90,000 രൂപ ബാങ്ക് വായ്പയായും 10,000 രൂപ അംഗങ്ങളുടെ വിഹിതമായും സ്വരൂപിച്ച് തുടങ്ങിയ സംരംഭത്തിന്റെതായി ഇന്ന് സ്വന്തമായി ഓഫ്സെറ്റ് പ്രിൻറിങ് സംവിധാനമുണ്ട്. 2011ലാണ് രണ്ടര ലക്ഷം സബ്സിഡിയോടെ ആറു ലക്ഷം രൂപ കൂടി ബാങ്ക് വായ്പയെടുത്ത് ഓഫ്സെറ്റ് പ്രിൻറിങ് മെഷീൻ സ്വന്തമാക്കിയത്. തുടക്കത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടെങ്കിലും പതറാതെ പിടിച്ചുനിന്നു. ഇവിടെ അച്ചടിക്കുന്നത് നോട്ടീസും ഫയലുകളും മാത്രമല്ല, ഒരുകൂട്ടം ഗ്രാമീണ വനിതകളുടെ ജീവിതസ്വപ്നങ്ങൾ കൂടിയാണ്. അടുക്കളയും തൊഴിലുറപ്പും മാത്രമല്ല, യന്ത്രവൽകൃത ലോകത്തെ അച്ചടിജോലികളും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ പെൺകൂട്ടായ്മ. അംഗങ്ങൾ വിവിധ സ്ഥാപനങ്ങൾ കയറിയിറങ്ങിയാണ് പ്രിന്റിങ് ഓർഡറുകൾ വാങ്ങുന്നത്.
കുടുംബശ്രീയുടെയും പഞ്ചായത്തുകളുടെയും സർക്കാർ ഓഫിസുകളുടെയും സ്കൂളുകൾ, കോളജുകൾ, ഐ.ടി.ഐ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജോലികൾ ലഭിച്ചു തുടങ്ങിയതോടെ രാവും പകലുമില്ലാതെ കഠിനാധ്വാനം ചെയ്തു. പേപ്പർ കട്ടിങ് മുതൽ ലേഔട്ടും പ്രിൻറിങ്ങും കടന്ന് അച്ചടി മേഖലയിൽ തനിമ നിലനിർത്തുന്ന പെൺ ജീവിതമാണ് ഇവരുടേത്. അക്ഷരക്കൂട്ടങ്ങളെ ചേർത്തുവെക്കുമ്പോൾ സ്വയം തിളക്കമേറുന്നതാണ് ഇവരുടെ ജീവിതവും പ്രസും. ബൈൻഡിങ്, കട്ടിങ്, കമ്പ്യൂട്ടർ ഡിസൈനിങ്, നോട്ടീസ്, പോസ്റ്റർ, ക്ഷണക്കത്തുകൾ തുടങ്ങിയവ കൈകാര്യംചെയ്യുന്ന മുതലാളിയും തൊഴിലാളിയുമെല്ലാം ഇവർ തന്നെയാണ്. കോവിഡ് പ്രതിസന്ധിയിൽ മൂന്നു മാസം അടച്ചിട്ടതിനെ തുടർന്ന് പ്രയാസപ്പെട്ടപ്പോഴും ഒത്തൊരുമയോടെ നിരാശരാകാതെ പിടിച്ചുനിന്നു. വിവിധ കാരണങ്ങളാൽ ഏതാനും അംഗങ്ങൾ മറ്റു മേഖലകളിലേക്ക് പോയെങ്കിലും പ്രസിഡന്റ് എം.കെ. സഫിയയും സെക്രട്ടറി പി.കെ. ബിന്ദു, വൈസ് പ്രസിഡന്റ് എൻ.ജി. സജിനി, മെംബർമാരായ എ. ശ്രീമതി, എ. നസീമ എന്നിവരുടെ കഠിനാധ്വാനവും അർപ്പണബോധവും ഒന്നുകൊണ്ട് മാത്രമാണ് സംരംഭം ഇപ്പോഴും നിലനിൽക്കുന്നത്.
അച്ചടിരംഗത്ത് മികച്ച സേവനങ്ങൾ നൽകി മറ്റു സ്വകാര്യ പ്രസുകളോടാണ് ഇവർ മത്സരിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങൾ ശിവകാശി കേന്ദ്രീകരിച്ച് വിലകുറച്ച് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിനാൽ ഇവർക്ക് ഓർഡറുകളിൽ കുറവ് വരുന്നുണ്ട്. മാത്രമല്ല ചില സ്വകാര്യ പ്രസുകൾ സ്ത്രീകൾ ഏറ്റെടുത്ത് കുടുംബശ്രീയുടെ പേരിൽ നടത്തുന്നതിനാൽ മേഖലയിലെ സർക്കാർ സ്ഥാപനങ്ങളിലെ ഓർഡറുകൾ പഴയതുപോലെ ഇവർക്ക് ലഭിക്കുന്നില്ല. വരുമാനം കുറവാണെങ്കിലും നിരാശരാകാതെ പിടിച്ചുനിന്നതിനാലാണ് സ്ഥാപനം നിലനിൽക്കുന്നതെന്ന് പ്രസിഡന്റ് എം.കെ. സഫിയ പറഞ്ഞു. തുടക്കത്തിൽ 200 രൂപ മാസവാടക നൽകിയിരുന്ന സ്ഥാനത്ത് നിലവിൽ 3000 രൂപയാണ് കെട്ടിട വാടക. കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ ഉടമയുടെ സമ്മർദവും നിലവിലുണ്ട്. സ്വന്തമായി ഒരു കെട്ടിടം എന്നതാണ് സ്വപ്നം. കുടുംബശ്രീയുടെ കാൽ നൂറ്റാണ്ടിന്റെ നിറവിൽ, പഠിച്ച ജോലിയുമായി സംതൃപ്തരായി മുന്നോട്ടുപോകുന്ന ഈ പെൺകൂട്ടായ്മ വേറിട്ട കാഴ്ചതന്നെയാണ്.
(തുടരും)