ഇയ്യാട് -വട്ടോളി ബസാർ റോഡ് പ്രവൃത്തി പാതിവഴിയിൽ; പൊടിയിൽ മുങ്ങി ജനം
text_fieldsഎകരൂൽ: ഇയ്യാട്-കപ്പുറം-വട്ടോളി ബസാർ റോഡിലെ യാത്ര പൊടിശല്യം മൂലം ദുസ്സഹമായി. ഒരു വർഷം മുമ്പ് പുനർനിർമാണവുമായി ബന്ധപ്പെട്ട് റോഡ് പ്രവൃത്തി തുടങ്ങിയെങ്കിലും ജൽജീവൻ പദ്ധതിയുടെ പ്രവൃത്തിമൂലം നിർത്തിവെക്കുകയായിരുന്നു.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ വട്ടോളി ബസാറിൽനിന്ന് തുടങ്ങി കപ്പുറം വഴി ഇയ്യാട് അങ്ങാടിയിൽ അവസാനിക്കുന്ന ഏകദേശം നാലു കിലോമീറ്റർ റോഡ് നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രവൃത്തികൾ തുടങ്ങിയെങ്കിലും നിലവിൽ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇതിനു പുറമെ ജൽജീവൻ മിഷൻ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങൾ കൂടി ചേർന്നതോടെ റോഡ് പൂർണമായും തകർന്നു.
നിലവിൽ ജൽജീവൻ കുടിവെള്ള പദ്ധതി പ്രവൃത്തി ഏകദേശം പൂർത്തിയായെങ്കിലും റോഡ് പ്രവൃത്തി പുനരാരംഭിച്ചിട്ടില്ല. മഴക്കാലത്ത് ചെളിക്കുളമായിരുന്ന റോഡ് ഇപ്പോൾ കടുത്ത പൊടിശല്യത്താൽ വീർപ്പുമുട്ടുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന കടുത്ത പൊടി കാരണം റോഡരികിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പള്ളികളിലും പൊടി നിറയുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ശ്വസന സംബന്ധമായ അസുഖങ്ങൾ പടരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം പ്രദേശത്തെ ഏക സ്വകാര്യ ബസ് സർവിസ് നിർത്തലാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വലിയ കുഴികളിൽ ടയറുകൾ കുടുങ്ങി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ഫണ്ട് കിട്ടാത്തതും ക്ലിയറൻസ് സർട്ടിഫിക്കറ്റ് വൈകുന്നതുമാണ് പ്രവൃത്തി നീളാൻ കാരണമെന്നാണ് അറിയുന്നത്. നാട്ടുകാർ റോഡ് കമ്മിറ്റി രൂപവത്കരിച്ച് സ്ഥലം വിട്ടുനൽകി വളവുകളിൽ വീതികൂട്ടി നൽകിയെങ്കിലും നിലവിലെ എസ്റ്റിമേറ്റ് അനുസരിച്ച് വീതി കൂട്ടിയ ഭാഗം കോൺക്രീറ്റ് ചെയ്യാൻ കഴിയില്ലെന്നും മെറ്റീരിയൽ കോസ്റ്റ് കൂടിയത് കാരണം നാലു മീറ്റർ വീതിയുണ്ടാവേണ്ട റോഡ് മൂന്നേമുക്കാൽ മീറ്ററിൽ കൂടുതൽ വീതി കൂട്ടാൻ കഴിയില്ലെന്നുമാണ് അധികൃതർ പറയുന്നത്.
ഇക്കാര്യത്തിൽ നേരത്തെ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. താൽകാലിക പരിഹാരം കൊണ്ട് ജനങ്ങളുടെ ദുരിതം മാറില്ലെന്നും നിലച്ച പ്രവൃത്തികൾ അടിയന്തരമായി പുനരാരംഭിച്ചു റോഡ് പണി എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

