കാട്ടുപന്നിശല്യം: ഉണ്ണികുളം പഞ്ചായത്തിൽ അപകടരഹിത വേലി സ്ഥാപിച്ചു
text_fieldsഎകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ കര്ഷകര്ക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളുടെ ശല്യം അകറ്റാന് പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പാക്കുന്ന അപകട രഹിത വേലി വീര്യമ്പ്രം വാർഡ് 19ൽ ഓണിയിൽ താഴെ കല്ലടപറമ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. 30ഓളം കർഷകരുടെ കൃഷിയിടത്തിനു ചുറ്റും ടാറ്റ കമ്പനിയുടെ നെറ്റ് വയർ ഉപയോഗിച്ചാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ വല സ്ഥാപിച്ചത്.
വൈദ്യുതിയോ സോളാറോ ഉപയോഗിക്കാത്തതിനാൽ അപകടസാധ്യതയില്ല എന്നതാണ് ഈ വേലിയുടെ പ്രത്യേകത. നാലടി ഉയരത്തിലുള്ള വേലി കോൺക്രീറ്റ് തൂണുകളിലാണ് ഉറപ്പിച്ചിരിക്കുന്നത്.
ജനകീയാസൂത്രണ പദ്ധതിയിൽ ഗുണഭോക്തൃവിഹിതവും ചേർത്ത് അഞ്ചു ലക്ഷത്തിലധികം രൂപ വിനിയോഗിച്ചാണ് വേലി സ്ഥാപിച്ചത്. അടിയിലൂടെ തുരന്ന് കയറാതിരിക്കാൻ കോൺക്രീറ്റ് സ്ലാബുകളും ഉണ്ട്. ഉണ്ണികുളം പഞ്ചായത്തിൽ കാട്ടുപന്നികള് കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പദ്ധതി മറ്റു വാർഡുകളിലേക്കും നടപ്പാക്കാൻ ശ്രമംനടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് നിജിൽ രാജ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷബ്ന ആറങ്ങാട്ട്, കൃഷി ഓഫിസർ എം.കെ. ശ്രീവിദ്യ, കെ.കെ. അബ്ദുല്ല മാസ്റ്റർ, മലയിൽ ശ്രീധരൻ, ബിച്ചു ചിറക്കൽ, അതുൽ പുറക്കാട്, ഒ.എം. ശശീന്ദ്രൻ, എം.കെ. വിപിൻ തുടങ്ങിയവർ സംബന്ധിച്ചു.