കോഴിക്കോട് ജില്ലയിൽ 64 ആശുപത്രികളിൽ ഇ-ഹെൽത്ത്
text_fieldsകോഴിക്കോട്: ജില്ലയിൽ മെഡിക്കൽ കോളജ് അടക്കം 64 ആശുപത്രികൾ ഇ- ഹെൽത്ത് കാർഡ് സംവിധാനത്തിലേക്ക് മാറി. ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനും രോഗിക്ക് മുൻകാല രോഗവിവരങ്ങൾ അടക്കം മനസ്സിലാക്കി കൃത്യമായ ചികിത്സ ഉറപ്പുവരുത്തുന്നതിനും ഏറെ സഹായകമാവുന്ന സംവിധാനമാണ് ഇ- ഹെൽത്ത് കാർഡ്.
മെഡിക്കൽ കോളജിലും ജില്ല ആശുപത്രിയിലും ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 43 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും അഞ്ചുവീതം കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലും താലൂക്ക് ആശുപത്രികളിലുമാണ് ഇതുവരെ പദ്ധതി നടപ്പാക്കിയത്. കോഴിക്കോട് ജനറൽ ആശുപത്രി, വടകര ജില്ല ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രങ്ങളായ അഴിയൂർ, കൂടരഞ്ഞി, തിരുവമ്പാടി, വടകര, അരിക്കുളം, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ ഉള്ള്യേരി, വളയം, തിരുവങ്ങൂർ, അർബൻ ഫാമിലി ഹെൽത്ത് സെന്ററുകളായ കിണാശ്ശേരി, ഫറോക്ക് എന്നിവിടങ്ങളാണ് പദ്ധതി നടപ്പാക്കിയ സർക്കാർ ആശുപത്രികളിൽ ചിലത്. ഇ -ഹെൽത്ത് സംവിധാനത്തിലൂടെ 12,955 പേർ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ വഴി 33,009 പേർ ഒ.പി ടിക്കറ്റ് ബുക്ക് ചെയ്തതിൽ 4,118 പേർ ചികിത്സ തേടി. ഒരു വ്യക്തിക്ക് ഒരു ഹെൽത്ത് റെക്കോഡ് എന്നാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി അടുത്ത മാസം ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറും.
വീട്ടിലിരുന്ന് ഒ.പി ടിക്കറ്റ് എടുക്കാം
ഓരോ പൗരന്റെയും സാമൂഹിക ആരോഗ്യ വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ച് സേവനം ലഭ്യമാക്കുന്ന സംവിധാനമാണ് ഇ -ഹെൽത്ത്. ഏറ്റവും ഒടുവിലായി വീട്ടിലിരുന്നു തന്നെ ഒ.പി ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാനുള്ള MeHealth മൊബൈൽ ആപ്ലിക്കേഷനും തയാറായി. ഒ.പി ടിക്കറ്റ് എടുക്കുന്നത് മുതൽ ഫാർമസിയിൽനിന്ന് മരുന്ന് ലഭിക്കുന്നതുവരെ ഇ -ഹെൽത്ത് സംവിധാനത്തിലൂടെ വളരെ എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നു. രോഗവിവരങ്ങൾ, ലാബ് റിസൽട്ടുകൾ, മരുന്ന് വിവരങ്ങൾ എല്ലാം ഇലക്ട്രോണിക് റെക്കോഡുകളാകുമ്പോൾ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കടലാസ് രഹിതമാകുകയും സമയലാഭവും രോഗിസൗഹൃദവുമായ മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാക്കാനും കഴിയും.
ഇ- ഹെൽത്ത് കാർഡിന് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആരോഗ്യ തിരിച്ചറിയാൻ കാർഡ് (യു.എച്ച്.ഐ.ഡി) ലഭ്യമാക്കും. കാർഡ് മുഖേന കേരളത്തിലെ ഏത് പൊതുജനാരോഗ്യ കേന്ദ്രത്തിൽ പോയാലും രോഗിയുടെ വിവരങ്ങൾ ലഭ്യമാകും. ഇത് തുടർചികിത്സയും വിദഗ്ധ ചികിത്സയും വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സഹായിക്കുന്നു.
ആശുപത്രികളിലെ റിസപ്ഷനുകളിൽ നീണ്ട ക്യൂ നിയന്ത്രിക്കാൻ സഹായിക്കുന്ന സംവിധാനമാണ് സ്കാൻ എൻ ബുക്ക്. സ്ഥാപനത്തിൽ പ്രദർശിപ്പിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ, പൊതുജനങ്ങൾക്ക് ഡോക്ടറുടെ കൺസൽട്ടേഷന് ലഭ്യമായ അടുത്ത ടോക്കൺ നമ്പർ ലഭിക്കും. ടോക്കൺ ജനറേഷൻ സമയത്ത് ബാധകമായ എല്ലാ ഒ.പി ചാർജുകളും ഓൺലൈനായി അടക്കാം. ആദ്യഘട്ടത്തിൽ ജില്ലയിലെ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ സ്കാൻ എൻ ബുക്ക് സംവിധാനം ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

