സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്കേറ്റു
text_fieldsസ്ഫോടനത്തിൽ യുവാവിന് പരിക്കേറ്റ കാക്കുനി അങ്ങാടിയിൽ റോഡിൽ കാണപ്പെട്ട ചോരപ്പാട്
വേളം: കാക്കുനിയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്ക്. മവ്വഞ്ചേരി ജിനീഷിനാണ് (38) ശനിയാഴ്ച അർധരാത്രിയുണ്ടായ പൊട്ടിത്തെറിയിൽ കൈക്ക് പരിക്കേറ്റത്. കാക്കുനി ടൗണിലുണ്ടായ സംഭവത്തിൽ വിരലുകൾക്ക് പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി എസ്.ഐ പി. ഷമീറും സംഘവും സ്ഥലം സന്ദർശിച്ചു.
റോഡിൽ ചോരപ്പാടുകൾ കാണപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. അശ്രദ്ധമായി സ്ഫോടകവസ്തു കൈകാര്യം ചെയ്തതിന് ഐ.പി.സി 286 പ്രകാരം പൊലീസ് കേസെടുത്തു. വിഷു പടക്കം പൊട്ടിക്കുമ്പോൾ പരിക്ക് പറ്റിയതാണെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കാക്കുനിയിൽ പ്രകടനം നടത്തി. പ്രകടനം നടത്തിയതിന് പൊലീസ് 30ഓളം പേർക്കെതിരെ കേസെടുത്തു. സമ്മതമില്ലാതെ റോഡിൽ തടസ്സമുണ്ടാക്കുന്നവിധം പ്രകടനം നടത്തിയതിനാണ് കേസ്.

