ഓടകളിൽ മൺകൂനകൾ; മഴവെള്ളം റോഡിൽ പരന്നൊഴുകും
text_fieldsകോഴിക്കോട്: നഗരത്തിലെ പ്രധാന ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ നടപടിയില്ലാത്തതോടെ മഴവെള്ളം റോഡുകളിൽ പരന്നൊഴുകുമെന്നുറപ്പായി. കടുത്ത വേനലായതിനാൽ വലിയ ഓടകളിൽ മിക്കതിലും വെള്ളമില്ല. ഉള്ളതിൽതന്നെ ചെറിയ നീർച്ചാലാണുള്ളത്.
അതിനാൽ പെട്ടെന്ന് മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടാനാകും. എന്നാൽ, കോർപറേഷൻ അധികൃതർ ഇതിന് വേണ്ട പ്രാധാന്യം നൽകാത്തതും സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതുമാണ് പ്രതിസന്ധി.
ഒറ്റമഴയിൽ വെള്ളത്തിൽ മുങ്ങുന്ന ഭാഗമാണ് നഗരത്തിലെ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മാവൂർ റോഡ്, രാജാജി റോഡ് തുടങ്ങിയവ. ഇവിടങ്ങളിലെ വെള്ളം മാവൂർ റോഡിന് സമാന്തരമായ ഓടയിലൂടെ കനോലി കനാലിലേക്കാണ് ഒഴുകാറ്. എന്നാൽ, നിലവിൽ ഈ ഓടയിലാകെ മണ്ണും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞുകിടക്കുകയാണ്. മഴക്കാലപൂർവ ശുചീകരണം എന്ന നിലക്ക് കോർപറേഷൻ മുഴുവൻ വാർഡുകൾക്കും അരലക്ഷം രൂപ വീതമാണ് ഇതുവരെ അനുവദിച്ചത്.
നഗരമധ്യത്തിലെ വാർഡുകളിൽ ഈ തുക വളരെ പരിമിതമാണ്. അഞ്ചുലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലേ വലിയങ്ങാടി ഡിവിഷനിലെ ഓടകളിലെ മണ്ണ് നീക്കാനാവൂവെന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദിന് കത്ത് നൽകിയിട്ടുണ്ട്.
മാവൂർ റോഡ്, വലിയങ്ങാടി, മാനാഞ്ചിറ അടക്കമുള്ള നഗരത്തിലെ പ്രധാനഭാഗങ്ങൾ ഉൾപ്പെടുന്ന ഡിവിഷനാണിത്. മാവൂർ റോഡിൽ കൈരളി തിയറ്ററിന് സമീപമുള്ള ഓടയിലടക്കം വലിയതോതിലാണ് മാലിന്യമുള്ളത്.
പാവമണി റോഡിന് സമാന്തരമായുള്ള ഓടയുടെ സ്ഥിതിയും ഭിന്നമല്ല. മണ്ണ് നീക്കി ഓടകളുടെ ആഴം വർധിപ്പിക്കാത്തപക്ഷം മഴവെള്ളം റോഡിൽനിന്ന് ഒഴിഞ്ഞുപോകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദ്രുതഗതിയിൽ നടപടി സ്വീകരിക്കാത്തപക്ഷം തൊഴിലാളികളെ കിട്ടാൻപോലും പ്രയാസമാവും. മഴപെയ്താൽ പിന്നെ മണ്ണ് ചളിയായി നീക്കം ചെയ്യൽ ദുഷ്കരമാവും. മാത്രമല്ല മഴക്കാല പകർച്ചവ്യാധികൾക്കുള്ള സാധ്യതയും ഏറെയാണ്.
ലഭ്യമായ ഫണ്ടുകൊണ്ട് ചെറിയ ഓടകളിലെ മണ്ണുനീക്കം പലയിടത്തും ആരംഭിച്ചിട്ടുണ്ട്. നഗരറോഡ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച റോഡുകളിലെ ഓടമാലിന്യം നീക്കൽ യു.എൽ.സി.സിയുടെ നേതൃത്വത്തിൽ തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

