മയക്കുമരുന്ന് വിൽപന: പ്രതിയെ ഓടിച്ചിട്ട് പിടികൂടി
text_fieldsവാഹിദ്
കോഴിക്കോട്: മയക്കുമരുന്ന് വിൽപനക്കിടെ പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പള്ളിക്കല്‍ ബസാര്‍ സ്വദേശി കളതൊടി പുല്പറമ്പില് വീട്ടില്‍ മുഹമ്മദ് വാഹിദിനെയാണ് (35) ഡാൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. മലപ്പുറം സ്വദേശി കുട്ടാപ്പി എന്ന ഷാക്കിറാണ് കടന്നുകളഞ്ഞത്.
എരഞ്ഞിപ്പാലം ബിവറേജസ് കോർപറേഷന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം. ആഡംബര വാഹനത്തിലിരുന്ന് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ട് പ്രതികൾ അപകടകരമായ രീതിയിൽ വാഹനവുമെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സാഹസികമായി തടയുകയായിരുന്നു. വണ്ടിയിൽനിന്ന് ഇരുവരും ഇറങ്ങി ഓടി. വാഹിദ് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളില്‍നിന്ന് 2.52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വൻതോതിൽ ലഹരി വിൽപന നടത്തുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് വാഹിദ്. പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മഞ്ചേരി, വടകര, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും മദ്യപിച്ചു വാഹനമോടിച്ചതിനും പൊതുജന ശല്യത്തിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമായി നിരവധി കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

