വൻ ലഹരിവേട്ട
text_fieldsഅറസ്റ്റിലായ ഷാജി, മോമിനൂൾ മലിത, സിറാജ്
കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. രണ്ടിടങ്ങളിൽനിന്നായി 28 കിലോ കഞ്ചാവും മുക്കാൽ കിലോയിലേറെ എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിലായി. എറണാകുളം കളമശ്ശേരി സ്വദേശി ഗ്ലാസ് കോളനി ചാമപറമ്പിൽ സി.എം. ഷാജി (30), പഞ്ചിമ ബംഗാൾ മുർഷിദബാദ് ശെഹബ്രംപൂർ മോമിനൂൾ മലിത (26) എന്നിവരെയാണ് എസ്.ഐ ആർ. ജഗ് മോഹന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ഡാൻസാഫും ചേർന്ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനടുത്തുനിന്ന് 28 കിലോ കഞ്ചാവുമായി പിടികൂടിയത്.
റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നാണ് മലപ്പുറം സ്വദേശി പുതുക്കോട്ട് പേങ്ങാട്ട് കണ്ണനാരി പറമ്പ് കെ. സിറാജിനെ (31) മുക്കാൽകിലോയിലേറെ എം.ഡി.എം.എയുമായി എസ്.ഐ കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.
ബസ് സ്റ്റാൻഡിൽനിന്ന് പെരുമ്പാവൂർ, കളമശ്ശേരി ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ടുപോകവെയാണ് കഞ്ചാവ് പിടിച്ചത്. ഒഡിഷയിൽനിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. പൊലീസ് പിടികൂടാതിരിക്കാൻ ഇരുവരും ഒഡിഷയിൽനിന്നും ട്രെയിൻ മാർഗം ബംഗളൂരുവിൽ എത്തി അവിടെനിന്ന് ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് എത്തുകയായിരുന്നു. പിടിയിലായ ഷാജിക്കെതിരെ എറണാകുളം ജില്ലയിൽ അടിപിടി കേസുണ്ട്. രണ്ടുപേരും പെയിൻറിങ് ജോലിക്കാരാണ്. ജോലിയുടെ മറവിലായിരുന്നു പെരുമ്പാവൂർ ഭാഗത്ത് ലഹരിക്കച്ചവടം. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 11 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.
റെയിൽവെ സ്റ്റേഷൻ ആനിഹാൾ റോഡിൽനിന്നും കോഴിക്കോട്ടേക്ക് വിൽപനക്കായി കൊണ്ടുവന്ന 778 ഗ്രാം എം.ഡി.എം.എയുമായാണ് സിറാജ് പിടിയിലായത്. ഡൽഹിയിൽനിന്ന് ട്രെയിൻ മാർഗമാണ് ഇയാൾ എം.ഡി.എം.എ എത്തിച്ചത്. 2020ൽ എൽ.എസ്.ഡി, എം.ഡി.എം.എ, മയക്കുഗുളിക എന്നിവ പിടികൂടിയതിന് ഹിമാചൽ പ്രദേശിൽ സിറാജിനെതിരെ കേസുണ്ട്. ഡൽഹി, ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘത്തിലെ മുഖ്യകണ്ണിയാണിയാൾ. പിടികൂടിയ എം.ഡി.എം.എക്ക് ചില്ലറ വിപണിയിൽ 30 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
ഡാൻസാഫ് ടീമിലെ എസ്.ഐമാരായ മനോജ് എടയേടത്ത്, കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയിൽ, പി.കെ. സരുൺ കുമാർ, എം.കെ. ലതീഷ്, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മഹമദ് മഷ്ഹൂർ, കസബ സ്റ്റേഷനിലെ എസ്.ഐ സജിത്ത് മോൻ, എസ്.സി.പി.ഒമാരായ ജിതേന്ദ്രൻ, രാജേഷ്, സുമിത്ത്, ഷിംജിത്ത്, ചാൾസ്, ടൗൺ സ്റ്റേഷനിലെ എസ്.ഐ ഷബീർ, എ.എസ്.ഐമാരായ സജീവ് കുമാർ, അജിത, എസ്.സി.പി.ഒമാരായ വിജേഷ്, ശ്രീജിത്ത്, വിപിൻ, ബിനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം നഗരം കേന്ദ്രീകരിച്ച് ലഹരിവേട്ട ശക്തമാക്കിയതായി നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസ് പറഞ്ഞു. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കൂട്ടുപ്രതികളുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് കസബ ഇൻസ്പെക്ടർ കിരൺ സി. നായരും, ടൗൺ ഇൻസ്പെക്ടർ പി. ജിതേഷും അറിയിച്ചു.
സിറാജിന്റേത് നൂതന രീതി
അറസ്റ്റിലായ സിറാജ് നൂതന രീതിയിലാണ് കേരളത്തിലേക്ക് രാസലഹരി കടത്തിയതെന്ന് പൊലീസ്. ഡൽഹിയിൽനിന്നു ട്രെയിൻ മാർഗമാണ് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്നത്.മയക്കുമരുന്ന് കടത്താനായി കോഴിക്കോടുനിന്ന് ട്രെയിനിൽ ഗോവയിൽ എത്തുകയും അവിടെനിന്ന് വിമാനമാർഗം ഡൽഹിക്ക് പോകുകയും ചെയ്യും. ഡൽഹിയിൽനിന്നു എം.ഡി.എം.എ വാങ്ങി ഗോവ വഴി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ട്രെയിനിന്റെ എ.സി കോച്ചിലെ ബാത്ത് റൂമിൽ ലഹരി ഒളിപ്പിച്ച് ബോഗി നമ്പർ മനസ്സിലാക്കിവെക്കും. ട്രെയിൻ ഗോവയിൽ എത്തും മുമ്പേ ഡൽഹിയിൽനിന്നു വിമാനത്തിൽ ഗോവയിൽ എത്തും.
ട്രെയിൻ ഗോവയിൽ എത്തുമ്പോൾ ഏതെങ്കിലും ബോഗിയിൽ കയറുകയും കോഴിക്കോട് എത്താൻ നേരം മയക്കുമരുന്ന് ഒളിപ്പിച്ച ബോഗിയിലെ ബാത്ത്റൂമിൽ കയറി ഇവ എടുത്ത് െട്രയിനിൽനിന്നും ഇറങ്ങി പോകുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

