വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ
text_fieldsമയക്കുമരുന്നുമായി
അറസ്റ്റിലായവർ
കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്നുമായി രണ്ടുപേർ കൂടി അറസ്റ്റിൽ. 14 ഗ്രാം എം.ഡി.എം.എയുമായി നല്ലളം തെക്കേപാടം സി.കെ ഹൗസിൽ ഷാക്കിലിനെ (29) കൊളത്തറയിൽനിന്നും 70 ഗ്രാം ഹഷീഷുമായി മാവൂർ റോഡ് അമൃത ബിയർ പാർലറിനടുത്തുനിന്ന് പുതിയങ്ങാടി പുത്തൂർ ഗിൽഗാൻ ഹൗസിൽ നൈജൽ റിക്സിനെയുമാണ് (29) എക്സൈസ് അറസ്റ്റ് ചെയ്തത്.
പിടികൂടിയ എം.ഡി.എം.എക്ക് രണ്ടു ലക്ഷത്തോളവും ഹഷീഷിന് അരലക്ഷത്തോളവും വിലവരും. വെള്ളിയാഴ്ച രാത്രി ഉത്തരമേഖല എക്സൈസ് കമീഷണർ സ്ക്വാഡ് മേധാവി കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന്റെയും ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ പ്രജിത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ഉറവിടം ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളാണ്. ഇവരുടെ കൂട്ടാളികളിൽ ചിലരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷൻ എക്സ്ക്ലൂസീവ് ക്ലബിന് സമീപത്തുനിന്ന് കൊളത്തറ സ്വദേശി അജൂൽ ഫർഹാൻ, ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് ഷഹീൽ എന്നിവരെ 2.5 ഗ്രാം എം.ഡി.എം.എയും കാറും സഹിതം എക്സൈസ് പിടികൂടിയിരുന്നു.
പ്രിവന്റിവ് ഓഫിസർ സജീവൻ, അനിൽ ദത്ത്, ഹാരിസ്, സ്ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്ത്, അർജുൻ വൈശാഖ്, വിജിഷ, സിവിൽ എക്സൈസ് ഓഫിസർമാരായ ഗംഗാധരൻ, ദിലീപ്കുമാർ, വിനു, സുരാഗ്, സതീഷ്, ഷാജു എന്നിവരാണ് മയക്കുമരുന്ന് ഇടപാടുകാരെ പിടികൂടിയത്.

