ലഹരിമുക്തി കേന്ദ്രത്തിന് സമീപം ലഹരി വിൽപന; ഒരാൾ അറസ്റ്റിൽ
text_fieldsകോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തെ ലഹരിമുക്തി കേന്ദ്രത്തിനരികിൽ ലഹരി വിൽപന നടത്തുന്ന നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവി (54) പിടിയിൽ. നടക്കാവ് പൊലീസിന്റെയും നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡൻസാഫിന്റെയും സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ക്രിസ്ത്യൻ കോളജിനടുത്തുള്ള സിഗ്നലിന് സമീപം നടക്കാവ് എസ്.ഐ എസ്.ബി. കൈലാസ് നാഥാണ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ വിൽപനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് വീണ്ടും ലഹരിക്കടിമപ്പെടുത്തുന്ന രീതിയാണ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നത്. മൊത്തവിപണനക്കാർ ആന്ധ്രയിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവാണ് കൂടുതലായും എത്തിക്കുന്നത്. ലഹരിമുക്ത കേന്ദ്രത്തിന്റെ പരിസരത്ത് നേരിൽക്കണ്ട് ബോധ്യപ്പെട്ടശേഷം മാത്രമാണ് പ്രതി 'ഓർഡർ' സ്വീകരിക്കുന്നത്. പിറ്റേദിവസം നേരിൽ കണ്ട് കഞ്ചാവ് കൈമാറുന്ന സമയവും സ്ഥലവും അറിയിക്കും. ഡൻസാഫ് അസി. എസ്.ഐ മനോജ് എടയേടത്ത്, സീനിയർ സി.പി കെ. അഖിലേഷ്, സി.പി.ഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.