പ്രമേഹബാധിതരായ കുട്ടികളുടെ പഠനം മുടങ്ങൽ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsകോഴിക്കോട്: സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും അധ്യാപകർക്ക് പരിശീലനം നൽകാത്തതും കാരണം ജില്ലയിലെ നൂറോളം ടൈപ് വൺ പ്രമേഹബാധിതരായ വിദ്യാർഥികളുടെ പഠനം അവതാളത്തിലായത് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് നവംബർ 29ന് കോഴിക്കോട്ടു നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
ടൈപ് വൺ പ്രമേഹബാധിതരായ നൂറോളം കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തിലായത് സംബന്ധിച്ച് 'മധുരമല്ല ഇവരുടെ പഠനം' എന്ന തലക്കെട്ടിൽ നവംബർ ഒന്നിന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
'മിഠായി' ഉൾപ്പെടെ പ്രമേഹബാധിതരായ കുട്ടികൾക്ക് സർക്കാർ നടപ്പാക്കിയ പദ്ധതികൾ പാളിയെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങളിൽ ഇത്തരം കുട്ടികളെ പരിചരിക്കാൻ ആളില്ലാത്തതാണ് ടൈപ് വൺ പ്രമേഹ രോഗികൾക്ക് ബുദ്ധിമുട്ടാവുന്നത്.
ഒരു ദിവസംതന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇവരുടെ ശരീരത്തിലെ പ്രമേഹ അളവ് വലിയതോതിൽ മാറിമറിയും. അതിനാൽ കുട്ടികളുടെ കൈകളിൽ ആറു മുതൽ പത്തു തവണ വരെ കുത്തി ഓരോ ദിവസവും പ്രമേഹം പരിശോധിക്കണം.
ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ജില്ലയിൽ പരിശീലനം തുടങ്ങിയിട്ടില്ല.
ടൈപ് വൺ ഡയബറ്റീസ് ബാധിതരായ വിദ്യാർഥികൾക്ക് സ്കൂളുകളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കണം, ഇൻസുലിൻ എടുക്കാൻ വൃത്തിയുള്ളതും സ്വകാര്യതയുള്ളതുമായ സ്ഥലം ഒരുക്കണം, കുട്ടിക്ക് വൈദ്യസഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കണം, എസ്.സി.ഇ.ആർ.ടിയുടെ അധ്യാപക പരിശീലന പരിപാടിയിൽ എല്ലാ അധ്യാപകർക്കും ടൈപ് വൺ പ്രമേഹത്തെക്കുറിച്ച് ബോധവത്കരണം നൽകണം എന്നീ സർക്കാർ നിർദേശങ്ങൾ നടപ്പാകാത്തതാണ് പ്രതിസന്ധിയാവുന്നത് എന്നാണ് ഇത്തരം കുട്ടികളുടെ രക്ഷിതാക്കളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.