മെഡിക്കൽ കോളജിൽ വെള്ളം മുടങ്ങി; ദുരിതത്തിലായി രോഗികൾ
text_fieldsമെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളം മുടങ്ങിയതിനെ തുടർന്ന് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചപ്പോൾ
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളം മുടങ്ങിയത് രോഗികളെ ദുരിതത്തിലാക്കി. രണ്ടാം നിലയിലെ സ്ത്രീകളുടെ വാർഡിലാണ് ശനിയാഴ്ച രാവിലെ മുതൽ വെള്ളം നിലച്ചത്. ഇതോടെ ശുചിമുറിയിൽ പോകാൻപോലും വെള്ളം ലഭിക്കാതെ രോഗികൾ പൊറുതിമുട്ടി.
വിതരണ പൈപ്പ് പൊട്ടി വെള്ളം ചോർന്നതാണ് ജലവിതരണം മുടങ്ങാനിടയാക്കിയത്. ഇതേത്തുടർന്ന് ഉച്ചയോടെ വാട്ടർ അതോറിറ്റി അധികൃതർ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്തു. എന്നാൽ, താഴെ ഇറങ്ങിവന്നു ബക്കറ്റിൽ വെള്ളം ശേഖരിച്ചു രണ്ടാം നിലയിലേക്ക് കയറ്റിക്കൊണ്ടുപോകാൻ സാധിക്കാത്തവർക്ക് ഇതും വെല്ലുവിളിയായി. പൈപ്പ് നന്നാക്കി രാത്രി ഏഴു മണിയോടെയാണ് ജലവിതരണം പുനഃസ്ഥാപിച്ചത്.

