ഓവുചാലുകൾ മൂടി ബൈപ്പാസിനോട് ചേർന്ന വഴികൾ വെള്ളത്തിൽ
text_fieldsപാലാട്ട് കാവിലെ വെള്ളക്കെട്ട്
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് റോഡിന്റെ നിർമാണത്തിനിടെ മഴക്കാലം വന്നതോടെയുള്ള പരിസരവാസികളുടെ ബുദ്ധിമുട്ടുകൾ രൂക്ഷമായി തുടരുന്നു. ഏറ്റവുമൊടുവിൽ തൊണ്ടയാടിന് തെക്ക് പാലാട്ടുകാവ് റോഡ് മേഖലയിൽ അഴുക്കുചാൽ അടഞ്ഞു. ഇതോടെ പ്രദേശം മുഴുവൻ വെള്ളത്തിലായി. വീടുകളിലേക്ക് വാഹനത്തിൽ പോലും പോകാനാവാതെ പരിസരവാസികൾ വിഷമിക്കുകയാണ്.
പൊറ്റമ്മലേക്കുള്ള റോഡിന് അരികിലുള്ള പാതയിലാണ് വെള്ളം കയറിയത്. നേരത്തേയുള്ള ഓവുചാൽ മൂടിയിട്ട് ഒരു മാസത്തോളമായി. മഴവരുമ്പോഴേക്കും പുതിയ ഓവുചാൽ പണിയുമെന്നായിരുന്നു അന്ന് കരാറുകാർ പറഞ്ഞത്. എന്നാൽ, മഴ പെയ്തപ്പോഴേക്കും പ്രദേശം വെള്ളത്തിൽ മുങ്ങി. കോർപറേഷൻ കരാറുകാരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയായില്ല. കറുത്ത വെള്ളമാണ് പ്രദേശമാകെ മൂടിയത്. കടുത്ത ദുർഗന്ധവുമുണ്ട്. നേരത്തേ അതിഥി തൊഴിലാളികൾ ഈ ഭാഗത്ത് ടെൻഡ് കെട്ടി പാർത്തിരുന്നതായി നാട്ടുകാർ പറഞ്ഞു. ശുചിമുറി മാലിന്യമാണോ ഒന്നായി വെള്ളക്കെട്ടിൽ പടർന്നതെന്ന ആധിയും നാട്ടുകാർക്കുണ്ട്. മൊത്തം 20 വീട്ടുകാരാണ് വെള്ളക്കെട്ടിൽ കഷ്ടപ്പെടുന്നത്. പാലാട്ട് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി വെള്ളത്തിലാണ്.
വീടുകളുടെ മതിലും പറമ്പുകളുമെല്ലാം ചാടിക്കടന്നാണ് ഇപ്പോൾ ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത്. റോഡിലും റോഡിൽ നിന്നുള്ള ഇടവഴിയിലുമെല്ലാം വെള്ളമാണ്. വെള്ളം കാരണം വാഹനങ്ങൾ കൊണ്ടുപോവാനാവാത്ത സ്ഥിതിയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ബൈക്കിൽ പോവുന്നത് പോലും ജീവൻ പണയം വെച്ചുവേണം. വീടുകൾക്ക് പുറകിലൂടെയും മറ്റും പൊറ്റമ്മലേക്കുള്ള റോഡിൽ കയറിയാണ് പരിസരവാസികളുടെ യാത്ര.
വിദ്യാർഥികളും ഗർഭിണികളുമെല്ലാം വിഷമിക്കുകയാണ്. മഴ കനത്താൽ വീടുകൾ തന്നെ വെള്ളത്തിലാവാൻ സാധ്യതയുണ്ട്. നിലവിൽ ബൈപ്പാസ് ഭാഗമായി പണിയുന്ന അഴുക്കുചാൽ ഉയരത്തിലായതിനാൽ ഇപ്പോഴുള്ള വെള്ളം ഓടയിലേക്ക് ഒഴുകാനും പ്രയാസമാണ്. പൊറ്റമ്മൽ-പാലാഴി റോഡിലെ അഴുക്കുചാലിലെ വെള്ളവും പാലാട്ട് താഴത്താണ് എത്തുന്നത്.
പൊറ്റമ്മൽ റോഡിനടിയിലൂടെ പൈപ്പിട്ട് വെള്ളക്കെട്ട് തടയാൻ അനുമതിയായിട്ടുണ്ടെന്നും അടിയന്തര നടപടിയുണ്ടാവുമെന്നും കോർപറേഷൻ കൗൺസിലർ സുജാത കൂടത്തിങ്കൽ പറഞ്ഞു. ബൈപ്പാസ് നിർമാണം നടക്കുന്ന ഭാഗങ്ങളിലെല്ലാം ഓവുചാലടഞ്ഞ് വെള്ളപ്പൊക്ക ഭീഷണി നിലവിലുണ്ട്. മഴ കനത്താൽ പ്രശ്നം രൂക്ഷമാവും. നേരത്തേ ബൈപ്പാസ് കടന്നുപോവുന്ന വാർഡുകളിലെ കോർപറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രശ്നം ജില്ല കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

