മരണത്തിലേക്ക് വാ തുറന്ന് ഓടകൾ
text_fieldsമാവൂർ റോഡിൽ ഓട മൂടാത്തനിലയിൽ
കോഴിക്കോട്: തിരക്കുപിടിച്ച നഗരത്തിൽ മൂടാതെ കിടക്കുന്ന ഓടകൾ മരണക്കെണിയൊരുക്കുന്നു. ഒരിടവേളക്കുശേഷം നഗരത്തിൽ വീണ്ടും മൂടാത്ത ഓടയിൽ വീണുള്ള അപകടങ്ങൾ നിത്യസംഭവമാകുകയാണ്. വെള്ളിയാഴ്ച രാത്രി അരയിടത്തുപാലത്തിനടുത്ത് നടപ്പാതയോട് ചേർന്ന് മൂടാത്ത ഓടയിലേക്ക് വീണ് യുവാവിന് പരിക്കേറ്റു.
ഓടയുടെ മുകളിലുള്ള ഇരുമ്പ് സ്ലാബ് ദ്രവിച്ച് നശിച്ചുപോയ ഭാഗത്ത് കാർഡ് ബോർഡ് വച്ച് അടച്ച നിലയിലായിരുന്നുവെന്ന് പരിക്കേറ്റ പി. നൂഹ് പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽപ്പെടാതെ മുന്നോട്ടു നടന്ന താൻ ഓടയിലേക്ക് താഴ്ന്നു പോവുകയായിരുന്നു. തന്റെ അരഭാഗം വരെ ഓടയിൽ താഴ്ന്നു പോയതായും ഓടയുടെ കുറുകെ സ്ഥാപിച്ചിരുന്ന കമ്പിയിൽ പിടിച്ച് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
ഈഭാഗത്ത് അപകട മുന്നറിയിപ്പ് സൂചകം പോലും സ്ഥാപിച്ചിരുന്നില്ല. വിവരം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മുന്നറിയിപ്പ് സൂചകം സ്ഥാപിച്ചത്. നേരത്തെയും ഇരുചക്ര വാഹനവും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്കും കോർപറേഷൻ അധികൃതർക്കും പരാതി നൽകിയതായും യുവാവ് അറിയിച്ചു.
നഗര മധ്യത്തിൽ ജനത്തിരക്കേറിയ പല ഭാഗത്തും ഇത്തരത്തിലുള്ള ചതിക്കുഴികൾ നിറന്നിരിക്കുന്നുണ്ട്. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിക്ക് സമീപം നടപ്പാതയിലെ മാൻഹോളിന്റെ മൂടി തകർന്നിട്ട് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ഇവിടെ മുന്നറിപ്പായി ഒരു മരക്കഷണം കുത്തിവെക്കുക മാത്രമാണ് ചെയ്തത്. സദാസമയവും തിരക്കേറിയ നടപ്പാതയിൽ ഇത് അപകട ഭീഷണിയാവുകയാണ്. മാനാഞ്ചിറക്ക് സമീപത്തും ബീച്ച് റോഡിലും ഇത്തരത്തിലുള്ള അപകടങ്ങൾ പതിയിരിക്കുന്നുണ്ട്.
നേരത്തെ നഗരത്തിൽ ഓടയിൽ വീണു നിരവധി അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് വ്യാപക വിമർശനങ്ങളും പ്രതിഷേധനങ്ങളും ഉയർന്നതിനേത്തുടർന്നാണ് ഓടകൾ കൃത്യമായി മൂടാൻ നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ ഒരുഇടവേളക്കു ശേഷം നഗരത്തിൽ വീണ്ടും ഇത്തരത്തിലള്ള അപകടങ്ങൾ നിത്യസംഭവമാവുകയാണ് അത്യാഹിതങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അധികൃതർ കണ്ണുതുറക്കണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

