യു.കെ. ശങ്കുണ്ണി റോഡിലെ ഓട ശുചീകരണം ‘കാട്ടിക്കൂട്ടലായി’
text_fieldsയു.കെ. ശങ്കുണ്ണി റോഡിൽ ഓടയിൽനിന്ന് വാരിയിട്ട ചളി
ഓടയിലേക്കുതന്നെ ഒഴുകുന്ന നിലയിൽ
കോഴിക്കോട്: മാവൂർ റോഡിനോടു ചേർന്നുള്ള യു.കെ. ശങ്കുണ്ണി റോഡിലെ ഓടശുചീകരണം ‘കാട്ടിക്കൂട്ടലായി’. റോഡിന്റെ തുടക്കഭാഗത്തെ കെട്ടിടത്തിനു മുന്നിൽ മാത്രമാണ് അങ്ങിങ്ങായി സ്ലാബുകൾ പൊക്കിയെടുത്ത് ഓടയിലെ മണ്ണ് ഉൾപ്പെടെ നീക്കിയത്. മറ്റിടങ്ങളിലൊന്നും സ്ലാബ് നീക്കിയോ മറ്റു വിധത്തിലോ ശുചീകരണം നടത്തുകയോ വെള്ളത്തിന്റെ ഒഴുക്ക് ശാശ്വതമാക്കുകയോ ചെയ്തിട്ടില്ല.
മഴക്കുമുമ്പേ ഓടയിൽ അടിഞ്ഞുകൂടിയ മണ്ണ് പൂർണമായി നീക്കണമെന്നും വെള്ളത്തിന്റെ ഒഴുക്ക് ശക്തമാക്കണമെന്നും ഈ ഭാഗത്തുള്ളവർ കോർപറേഷൻ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു. എല്ലാ മഴക്കാലത്തും കോർപറേഷൻ നിയോഗിച്ച രണ്ടോ മൂന്നോ തൊഴിലാളികൾ വന്ന് പേരിനെന്നോണം ഒന്നോ രണ്ടോ ഭാഗത്തെ ചെറിയ സ്ലാബുകൾ പൊക്കി അൽപം മണ്ണ് എടുത്തുമാറ്റി പോകാറാണ് പതിവ്.
സമാനമായി ‘ആളുകളുടെ കണ്ണിൽ പൊടിയിടൽ’ രീതിയാണ് ഇത്തവണയും നടന്നതെന്ന് ഈ ഭാഗത്തെ വ്യാപാരികൾ പറയുന്നു. ഒരു കെട്ടിടത്തിനു മുന്നിലെ മാത്രം ഓട ശുചീകരിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ശുചീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ട കോർപറേഷന്റെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണമെന്നുമാണ് വ്യാപാരികളും വിവിധ സ്ഥാപന ഉടമകളും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം ചെറിയ ഭാഗത്തെ സ്ലാബുകൾ പൊക്കി വാരിയെടുത്ത ചളി സ്വകാര്യ കെട്ടിടത്തോട് ചേർന്ന് ഓടയിലേക്ക് വെള്ളം ഒഴുകുന്ന ഭാഗത്താണ് നിക്ഷേപിച്ചത്. ഈ ചളിയിൽ ഭൂരിഭാഗവും മഴയിൽ കുത്തിയൊലിച്ച് ഓടയിൽതന്നെ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. മാവൂർ റോഡിന് സമാന്തരമായുള്ള ഓടക്ക് അനുബന്ധമായാണ് വർഷങ്ങൾക്കുമുമ്പ് ശങ്കുണ്ണി റോഡിലും ഓട നിർമിച്ചത്.
ഈ ഭാഗത്തെ വെള്ളം മുമ്പ് മാവൂർ റോഡ് ഓടയിലേക്കും തുടർന്ന് കനോലി കനാലിലേക്കും ഒഴുകുകയായിരുന്നു പതിവ്. എന്നാൽ, മാവൂർ റോഡിനോട് ചേർന്ന ഓടയുടെ ഭാഗമാകെ മണ്ണും മാലിന്യവും നിറഞ്ഞുകിടക്കുന്നതിനാൽ നല്ല രീതിയിൽ വെള്ളത്തിന്റെ ഒഴുക്കില്ല.
ഇവിടം ഇത്തവണ സ്ലാബ് പൊക്കി ശുചീകരിക്കുകയും ചെയ്തിട്ടില്ല. ശക്തമായ മഴയിൽ മാവൂർ റോഡിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ ശങ്കുണ്ണി റോഡിലും വെള്ളം നിറയുന്നത് പതിവാണ്. നൂറുകണക്കിന് യാത്രക്കാരെയും ഈ ഭാഗത്തെ നിരവധി വീട്ടുകാരെയും സ്ഥാപനങ്ങളെയുമാണ് ഇത് ദുരിതത്തിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

