ജീവിതമാർഗം മുടക്കരുതേ...
text_fieldsപച്ചക്കറി മാർക്കറ്റ്, ഫ്രൂട്ട്സ് അനുബന്ധ മേഖല പാളയത്ത് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ കുടുംബ ബഹുജന മാർച്ച്
കോഴിക്കോട്: പാളയം പഴം-പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള കോർപറേഷൻ നീക്കത്തിൽ പ്രതിഷേധിച്ച് പാളയം മാർക്കറ്റ് അനുബന്ധ മേഖല കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലേക്ക് കുടുംബ ബഹുജന മാർച്ച് നടത്തി. കോഴിക്കോടിന്റെ പൈതൃകമായ പഴം-പച്ചക്കറി മാർക്കറ്റ് പാളയത്തുതന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൽ വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കം ആയിരങ്ങൾ അണിനിരന്നു.
ഭിന്നശേഷിക്കാർ വീൽ ചെയറിൽ സമരമുഖത്തെത്തി. കടകളടച്ച് പാളയം മാർക്കറ്റിൽനിന്ന് ആരംഭിച്ച മാർച്ച് കോഴിക്കോട് കോർപറേഷൻ ഓഫിസിന് മുന്നിൽ സമാപിച്ചു. വൻ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കെടുത്തു. പാളയത്തുനിന്ന് ഒഴിയാൻ തയാറാവില്ലെന്നും മാർക്കറ്റ് പാളയത്തുതന്നെ നിലനിർത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു.
മാർക്കറ്റ് മാറ്റുന്നത് പാളയത്തെ വ്യാപാരികളുടെയും തെരുവു വ്യാപാരികളുടെയും തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. നവീകരിച്ച് പഴം-പച്ചക്കറി മാർക്കറ്റ് പാളയത്തുതന്നെ നിലനിർത്തണമെന്നും മാർക്കറ്റ് ഒഴിപ്പിക്കരുതെന്നും കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയർമാൻ പി.കെ. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ. രാജീവ്, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് പി.എം. ഹനീഫ, ഐ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് ഇ.സി. സതീശൻ, എ.ഐ.ടി.യു.സി വഴിയോര ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. ജിറാർ, മുൻ കൗൺസിലർ ഷമീൽ തങ്ങൾ, ബി.എം.എസ് ജില്ല പ്രസിഡന്റ് ഇ.പി. പാജേഷ്, ഫ്രൂട്സ് അസോസിയേഷൻ പ്രതിനിധി എൻ.പി. സലീം എന്നിവർ സംസാരിച്ചു. കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എ.ടി. അബ്ദു സ്വാഗതവും കോഓഡിനേഷൻ കമ്മിറ്റി ട്രഷറർ എം. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. റാലിക്ക് കെ.പി. അബ്ദുൽ ജലീൽ, പി. അബ്ദുൽ റഷീദ്, നാസർ കമിമാടം, ടി. മുഹമ്മദ് മുസ്തഫ, അസിലു, എൻ.കെ. ബീരാൻ, ഇ. തൽഹത്, എം.ടി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

