കൈപ്പത്തി ചിഹ്നത്തിൽ ഇത്തവണ ജില്ലയിൽനിന്ന് മുസ്‍ലിം സ്ഥാനാർഥിയില്ല?
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഏതാണ്ട് പൂർത്തിയായപ്പോൾ സാമുദായിക സമവാക്യം പാലിക്കപ്പെട്ടില്ലെന്ന് പരാതി.
മുൻവർഷങ്ങളിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ഒരു സീറ്റെങ്കിലും മുസ്‍ലിം ന്യൂനപക്ഷ വിഭാഗത്തിന് നൽകിയിരുന്നെങ്കിലും ഇത്തവണ അതുണ്ടാവില്ലെന്നാണ് സൂചന. മുൻ തെരഞ്ഞെടുപ്പുകളിൽ ബേപ്പൂർ, കുന്ദമംഗലം വാർഡുകളിൽ മത്സരിക്കാൻ കോൺഗ്രസ് മുസ്‍ലിം സ്ഥാനാർഥികളെ പരിഗണിച്ചിരുന്നു. ജില്ലയിലെ പ്രബല ന്യൂനപക്ഷ വിഭാഗമാണ് മുസ്‍ലിംകൾ. കോഴിക്കോട്ടെ 13 മണ്ഡലങ്ങളിൽ ആറ് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിക്ക് കോൺഗ്രസ് ഇത്തവണ തിരുവമ്പാടിയിൽ സീറ്റ് നൽകുന്നുണ്ട്. കഴിഞ്ഞ തവണ ബേപ്പൂരിൽ കോൺഗ്രസിലെ പി.എം. നിയാസും അതിന് മുമ്പ് ആദം മുൽസിയുമാണ് മത്സരിച്ചിരുന്നത്. കുന്ദമംഗലത്ത് ടി. സിദ്ദീഖിനും അവസരം ലഭിച്ചിരുന്നു.
ഇത്തവണ കെ.സി. ശോഭിത, നൗഷീർ ചേളന്നൂർ എന്നിവരുടെ പേരുകൾ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും തള്ളപ്പെട്ടു. ഐ. മൂസ ഉൾപ്പെടെ മുതിർന്ന നേതാക്കൾക്കും അവസരം ലഭിച്ചിട്ടില്ല.
മുൻകാലങ്ങളെ അപേക്ഷിച്ച് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ മുസ്‍ലിം ന്യൂനപക്ഷ വിഭാഗത്തിൽനിന്നുണ്ട്. ബി.ജെ.പിക്കെതിരെ രാഹുൽ ഗാന്ധിയുടെ പിന്നിൽ അണിനിരക്കുക എന്ന വികാരം മുസ്‍ലിം സമൂഹത്തിൽ വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർലമെന്ററി പദവികളിലേക്കും കോഴിക്കോട്ട് നിന്ന് മുസ്‍ലിം പിന്നാക്ക വിഭാഗത്തിന് പ്രാതിനിധ്യം വേണ്ടതുണ്ട് എന്ന അഭിപ്രായം പാർട്ടിയിൽ അവഗണിക്കപ്പെടുന്നു എന്നാണ് പരാതി.
അതേസമയം, ബേപ്പൂരിൽ ഇത്തവണ പി.വി. അൻവർ മത്സരിക്കുന്നുണ്ട് എന്ന വാദമാണ് ഇതിന് മറുപടിയായി ലഭിക്കുന്നത്. എന്നാൽ, അൻവർ തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയാണ്. കോൺഗ്രസിന് വേണ്ടി ഇത്തവണ കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിൽ അഡ്വ. കെ. ജയന്ത്, എലത്തൂരിൽ അഡ്വ. വിദ്യ ബാലകൃഷ്ണൻ, കൊയിലാണ്ടിയിൽ അഡ്വ. കെ. പ്രവീൺകുമാർ, നാദാപുരത്ത് കെ.എം. അഭിജിത്ത്, തിരുവമ്പാടിയിൽ വി.എസ്. ജോയ് തുടങ്ങിയവരുടെ പേരുകളാണ് സാധ്യതാപട്ടികയിൽ ഇടം പിടിച്ചത്. ബാലുശ്ശരി ഇത്തവണ ലീഗുമായി വെച്ചുമാറുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

