ഡോക്ടറുടെ പിടിവാശി; രോഗി രണ്ടു മണിക്കൂർ ആംബുലൻസിൽ
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് തുടർചികിത്സക്ക് അയച്ച രോഗിക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ രണ്ടു മണിക്കൂർ ആംബുലൻസിൽ കഴിയേണ്ടിവന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ല മെഡിക്കൽ ഓഫിസർ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും വിശദീകരണം ഹാജരാക്കണം.
ബൈക്കിടിച്ച് കാലിെൻറ എല്ലുപൊട്ടിയ കക്കോടി മോരിക്കര സ്വദേശി വാസുദേവനാണ് (70) ഡോക്ടറുടെ പിടിവാശി കാരണം ആംബുലൻസിൽ കഴിയേണ്ടിവന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാസുദേവനെ ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണ് തുടർചികിത്സക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചത്.
ഡോക്ടർ ഇല്ലെന്ന് പറഞ്ഞാണ് ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അനുമതി നിഷേധിച്ചത്. ബന്ധുക്കൾ ഡോക്ടറെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹവും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയാറായില്ല. അക്കാര്യം എഴുതി തന്നാൽ മെഡിക്കൽ കോളജിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും ഡോക്ടർ തയാറായില്ല. പിന്നീട് ജനപ്രതിനിധികൾ ഇടപെട്ടാണ് രോഗിക്ക് തലക്കുളത്തൂർ ആശുപത്രിയിൽ പ്രവേശനം ലഭിച്ചത്. രാത്രി എട്ടിന് ആശുപത്രിയിലെത്തിയ വാസുദേവൻ പത്തു മണി വരെ ആംബുലൻസിൽതന്നെ കഴിഞ്ഞു. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

