ജില്ലാ കായിക മേളക്ക് ഇന്ന് തുടക്കം
text_fieldsകോഴിക്കോട്: പുതിയ വേഗവും ഉയരങ്ങളും കീഴടക്കാനുള്ള കൗമാരകരുത്തിന്റെ പോരാട്ടമായ ജില്ല സ്കൂൾ കായികമേളക്ക് വെള്ളിയാഴ്ച മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. 17 ഉപജില്ലകളിൽനിന്നായി നാലായിരത്തിലധികം കുട്ടികൾ മേളയിൽ മാറ്റുരക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളക്ക് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ്. അമൃത പതാക ഉയർത്തും.
മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. ആദ്യദിനം 100 മീറ്റർ മത്സരങ്ങൾക്കായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളും ട്രാക്കിലിറങ്ങും. 4x100 മീറ്റർ റിലേ മത്സരങ്ങളും 800 മീറ്റർ ഓട്ടമത്സരങ്ങളും വെള്ളിയാഴ്ച നടക്കും. ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ, സീനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
ട്രാക്കിനൊപ്പം ഫീൽഡ് ഇനങ്ങളിലും ഇന്ന് മത്സരങ്ങളുണ്ട്. സബ് ജൂനിയർ ആൺകുട്ടികളുടെയും സീനിയർ പെൺകുട്ടികളുടെയും ലോങ് ജംപ്, സബ് ജൂനിയർ പെൺകുട്ടികളുടെ ഹൈജംപ്, ജൂനിയർ, സീനിയർ ആൺകുട്ടികളുടെ ഹൈജംപ്, ഷോട്ട്പുട്ട്, ഹാമർ ത്രോ മത്സരങ്ങളും ആദ്യദിനം നടക്കും. കായികമേളയുടെ നടത്തിപ്പിനായി സംഘാടകസമിതിയുടെയും വിവിധ അധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ ഒരുക്കം പൂർത്തിയായി.
ടി.എം. അബ്ദുറഹിമാൻ അനുസ്മരണ സംഘാടകസമിതിയുടെ ആഭിമുഖ്യത്തിൽ കായിക മേളയുടെ ദീപശിഖ പ്രയാണം ദേശീയ സ്വർണമെഡൽ ജേതാവും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമായിരുന്ന ടി.എം. അബ്ദുറഹിമാന്റെ ഖബറടത്തിൽനിന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഏഷ്യൻ ഫുട്-വോളി ഫെഡറേഷൻ വൈ. പ്രസിഡന്റ് എ.കെ. മുഹമ്മദ് അഷറഫ് അധ്യക്ഷനായി. പുതുപ്പാടി ഗവ. ഹൈസ്കൂൾ കായികതാരങ്ങൾ ഈങ്ങാപ്പുഴയിൽനിന്ന് ഗവ. ഹൈസ്കൂളിലേക്ക് ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഈസ കോയ ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂളിലെത്തിയ ദീപശിഖ കായികതാരങ്ങൾ ഏറ്റുവാങ്ങി. കായികമേള ഉദ്ഘാടന സമയത്ത് കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ദീപശിഖ തെളിയിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

