പ്ലസ് ടു പരീക്ഷ ഫലം വിജയശതമാനത്തിൽ ജില്ലക്ക് രണ്ടാം സ്ഥാനം
text_fieldsകോഴിക്കോട്: പ്ലസ് ടു പരീക്ഷയിൽ വിജയശതമാനത്തിൽ രണ്ടാം സ്ഥാനവുമായി കോഴിക്കോട് ജില്ല. 86.32 ശതമാനമാണ് കോഴിക്കോടിന്റെ വിജയം. കഴിഞ്ഞ തവണ വിജയശതമാനത്തിൽ ഒന്നാമതായിരുന്നു കോഴിക്കോട്. ഇക്കുറി ആ നേട്ടം 87.55 ശതമാനവുമായി എറണാകുളം കൈയടക്കിയപ്പോൾ കോഴിക്കോട് രണ്ടാം സ്ഥാനവുമായി ഒപ്പം നിന്നു. 175 സ്കൂളുകളിൽനിന്ന് 39754 പേർ രജിസ്റ്റർ ചെയ്തതിൽ 39598 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 34182 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 1968 പേർ കൂടുതൽ ഇക്കുറി യോഗ്യത നേടി. 3774 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 578 എ പ്ലസുകാർ കൂടുതലാണ് ഇക്കുറി. കഴിഞ്ഞ വർഷം 3198 പേർക്കായിരുന്നു ഫുൾ എ പ്ലസ്.
ജില്ലയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം ഇക്കുറി നാലായി ചുരുങ്ങി. കഴിഞ്ഞ വർഷം ഏഴ് സ്കൂളുകൾക്ക് നൂറുമേനി വിജയമുണ്ടായിരുന്നു. സർക്കാർ സ്കൂളുകൾക്ക് ഇക്കുറിയും 100 ശതമാനം വിജയം ലഭിച്ചില്ല. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ (179), സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ (104), സി.എം ഹയർ സെക്കൻഡറി സ്കൂൾ മണ്ണൂർ നോർത്ത് (185), കരുണ സ്പീച്ച് ആൻഡ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂൾ എരഞ്ഞിപ്പാലം (32) എന്നിവയാണ് നൂറുമേനി കൊയ്ത വിദ്യാലയങ്ങൾ. തുടർച്ചയായ 20ാം തവണയാണ് സിൽവർ ഹിൽസ് എച്ച്.എസ്.എസ് 100 ശതമാനം വിജയം നേടുന്നത്. 11 വിദ്യാർഥികൾ ജില്ലയിൽ മുഴുവൻ മാർക്കും നേടി.
വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 78.33 ശതമാനമാണ് വിജയം. 2570 പേർ പരീക്ഷ എഴുതിയപ്പോൾ 2013 പേർ യോഗ്യതനേടി. ജില്ലയിൽ 100 ശതമാനം വിജയം നേടിയ ഏക സ്കൂൾ വില്യാപ്പള്ളി എം.ജെ. വി.എച്.എസ്.എസാണ്. പരീക്ഷ എഴുതിയ 91 പേരും വിജയിച്ചു. ഓപൺ സ്കൂളിൽ പരീക്ഷ എഴുതിയ 4725 പേരിൽ 2650 പേർ വിജയിച്ചു.
വിജയ ശതമാനം 56.08. ഇതിൽ 78 പേർക്ക് ഫുൾ എ പ്ലസ് നേടി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 66.67 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 96 പേരിൽ 64 പേർ വിജയിച്ചു.
അഭിമാനമായി 11 മിടുക്കികൾ
കോഴിക്കോട്: പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കിൽ 1200ഉം നേടി 11 മിടുക്കികൾ ജില്ലയുടെ അഭിമാനമായി. മുഴുവൻ മാർക്കും നേടിയത് പെൺകുട്ടികളാണെന്ന സവിശേഷതയും ഇക്കുറിയുണ്ട്. കഴിഞ്ഞ വർഷം മുഴുവൻ മാർക്കും നേടിയവരിൽ ഒരു ആൺകുട്ടിയുണ്ടായിരുന്നെങ്കിൽ ഇക്കുറി ആ മികവ് പെൺകുട്ടികൾ മുഴുവനായും സ്വന്തമാക്കി.
ഫറോക്ക് വെനേറിനി എച്ച്.എസ്.എസിലെ അദീല സാദത്ത്, മടപ്പള്ളി ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ കെ.എം. ശ്രീലക്ഷ്മി, മുക്കം എം.കെ.എച്ച്.എം.എം.ഒ വി.എച്ച്.എസ്.എസിലെ നജ ഫാത്തിമ, കോഴിക്കോട് ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസിലെ റിഷിഷ റെനിരാജ്, മണ്ണൂർ നോർത്ത് സി.എം.എച്ച്.എസ്.എസിലെ എ. ഗോപി കൃഷ്ണ, ബാലുശ്ശേരി ഗവ. എച്ച്.എസ്.എസിലെ പി.എസ്. ദേവനന്ദ, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസിലെ ദിയ ഫാത്തിമ അസ്ലം, എ.എ. ശ്രീദേവിക, നടക്കാവ് ഗവ. വി.എച്ച്.എസ്.എസിലെ ജി.എസ്. ശ്രീമയ, പുല്ലൂരാമ്പാറ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ ജി.എസ്. ഷംലി മറിയ, പന്തീരാങ്കാവ് എച്ച്.എസ്.എസിലെ സി.കെ. ഉത്തര എന്നിവരാണ് 1200ൽ 1200 മാർക്കും നേടിയത്.