മലയോര ഹൈവേക്കായി സ്ഥലം വിട്ടുകൊടുക്കാൻ ജില്ല പഞ്ചായത്ത്
text_fieldsകോഴിക്കോട്: മലയോര ഹൈവേ വികസനത്തിനായി പുതുപ്പാടി സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിന്റെ സ്ഥലം ഏറ്റെടുക്കാനും അവിടെയുള്ള മരങ്ങൾ മുറിച്ചുമാറ്റാനും തീരുമാനിച്ച് ജില്ല പഞ്ചായത്ത് യോഗം. മലപുറം മുതൽ കോടഞ്ചേരിവരെയുള്ള മലയോര ഹൈവേ വികസനത്തിനായാണ് സ്ഥലം ഏറ്റെടുക്കാനും അവിടെയുള്ള മരങ്ങൾ മുറിച്ചുമാറ്റാനുമുള്ള അനുമതിക്കായി പ്രോജക്ട് എൻജിനീയർ വിത്തുൽപാദന കേന്ദ്രത്തിന്റെ അധികൃതർക്ക് കത്ത് നൽകിയത്.
ഇതിനായി മഹാഗണി, മാവ്, പ്ലാവ്, വെട്ടി, വട്ട, പൂമരം, 26 തെങ്ങുകൾ എന്നിവയാണ് മുറിച്ചുമാറ്റേണ്ടത്. മലയോര ഹൈവേക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് വില നൽകേണ്ടതില്ലെന്നാണ് നിയമം. എന്നിരുന്നാലും ഇതിനായി വിട്ടുകൊടുക്കേണ്ട എട്ട് സെന്റ് ഭൂമിക്ക് വില നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഇതോടൊപ്പം എത്രയും വേഗം സ്ഥലത്തിന്റെ അതിരിൽ ചുറ്റുമതിൽ കെട്ടിത്തരണമെന്ന് ആവശ്യപ്പെടാനും തീരുമാനമായി. ജില്ല പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലെ ഫിറ്റ്നെസ് സംബന്ധിച്ച ചോദ്യങ്ങൾക്ക് ഡി.ഡി.ഇ ഓഫിസിൽനിന്ന് മറുപടി ലഭിക്കുന്നില്ലെന്നും ഇതു സംബന്ധിച്ച രേഖകളൊന്നും ഓഫിസിൽ സൂക്ഷിക്കുന്നില്ലെന്നും വി.പി. ദുൽഖിഫിൽ പരാതിപ്പെട്ടു.
എൽ.പി, യു.പി സ്കൂൾ സംബന്ധിച്ച രേഖകൾ അതാത് എ.ഇ.ഒ ഓഫിസുകളിലാണ് ലഭ്യമാകുകയെന്നും ഹൈസ്കൂളിലെ രേഖകൾ മാത്രമാണ് ഡി.ഡി.ഇ ഓഫിസിൽ ഉണ്ടാകുകയെന്നും ഡി.ഡി.ഇ ഓഫിസിലെ ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്നത് നിയമം ലംഘിച്ചാണെന്ന് യു.ഡി.എഫ് അംഗങ്ങൾ പരാതിപ്പെട്ടു. യോഗം മുൻകൂട്ടി അറിയിക്കുകയോ അജണ്ട ലഭ്യമാക്കുകയോ ചെയ്യുന്നില്ല. ഇതു സംബന്ധിച്ച് സെക്രട്ടറി മറുപടി പറയണമെന്നും യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
അംഗങ്ങളായ റംസീന നരിക്കുനി, രാജീവ് പെരുമൺപുറ, ബോസ് ജേക്കബ്, ടി.പി.എം ഷറഫുന്നീസ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി. ഗവാസ്, സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളായ കെ.വി. റീന, സെക്രട്ടറി ടി.ജി. അജേഷ് തുടങ്ങിയവർ പങ്കെടുത്തു.
68 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി ചെയ്ത പദ്ധതികള്‍ക്ക് അംഗീകാരം
കോഴിക്കോട്: 68 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി ചെയ്ത പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല ആസൂത്രണ സമിതി ചെയര്പേഴ്സൻ ഷീജ ശശി അധ്യക്ഷതവഹിച്ചു.
ലഹരിമുക്ത കോഴിക്കോട് പദ്ധതി, അതിദരിദ്രര്‍ക്ക് വീട് നല്കുന്ന പദ്ധതി എന്നിവക്ക് പണം നീക്കിവെക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവക്ക് മുന്‍ഗണന നല്‍കണമെന്ന് അധ്യക്ഷ യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ധനവിന്യാസവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഏഴാം സംസ്ഥാന ധനകാര്യ കമീഷന് ജില്ലയില്‍ സംവാദം നടത്തുമെന്നും അറിയിച്ചു.
മേയ് 23ന് രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

