ജില്ല പഞ്ചായത്ത്; പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനമേറ്റു
text_fieldsജില്ല പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മില്ലി മോഹൻ കലക്ടർ സ്നേഹിൽകുമാർ സിങ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു
കോഴിക്കോട്: യു.ഡി.എഫ് അംഗങ്ങൾ ജില്ല പഞ്ചായത്ത് ഭരണസാരഥ്യം ഏറ്റെടുത്തു. കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ മില്ലി മോഹൻ കൊട്ടാരത്തിലിനെയും വൈസ് പ്രസിഡന്റായി കെ.കെ. നവാസിനെയും തെരഞ്ഞെടുത്തു. ഇരുവർക്കും 15 വോട്ടുകൾ വീതം ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫിലെ അഡ്വ. പി. ശാരുതിയും വൈസ് പ്രസിഡന്റായി അഞ്ജിത ഷനൂബൂം മത്സരിച്ചു. ഇരുവർക്കും 13 വോട്ടുകൾ വീതം ലഭിച്ചു. 28 അംഗങ്ങളാണ് ജില്ല പഞ്ചായത്തിലുള്ളത്. 15 സീറ്റില്‍ യു.ഡി.എഫും 13 സീറ്റില്‍ എല്‍.ഡി.എഫും ജയിച്ചു.
ശനിയാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം മിനി മോഹന്‍ 15 വോട്ട് നേടിയപ്പോൾ എതിര്‍സ്ഥാനാർഥി സി.പി.എമ്മിലെ അഡ്വ. പി. ശാരുതിക്ക് 13 വോട്ട് ലഭിച്ചു. കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് തെരഞ്ഞെടുപ്പ് നടപടി നിയന്ത്രിച്ചു. ജില്ല പഞ്ചായത്ത് രൂപവത്കരിച്ചതിനുശേഷം ആദ്യമായാണ് യു.ഡി.എഫിനു ഭരണം ലഭിക്കുന്നത്. മഹിള കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതിയംഗമായ മില്ലി മോഹൻ കോടഞ്ചേരി ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുത്തത്.
2005ലെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായിരുന്ന രണ്ട് അംഗങ്ങളിൽ ഒരാളായിരുന്നു മില്ലി മോഹൻ. മില്ലി മോഹന്‍ കലക്ടർ സ്നേഹിൽ കുമാർ സിങ്ങും വൈസ് പ്രസിഡന്റ് കെ.കെ. നവാസിന് പ്രസിഡന്റ് മില്ലി മോഹനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 11.15ന് തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിച്ചു. മില്ലി മോഹൻ നേരത്തെ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന ഇവർ രണ്ടു വർഷം മുമ്പാണ് വിരമിച്ചത്. ജില്ല സഹകരണ ബാങ്ക് ഡയറക്ടർ, തിരുവമ്പാടി വനിതാ സഹകരണ സംഘം പ്രസിഡന്റ്, തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നാദാപുരം ഡിവിഷനിൽനിന്ന് വിജയിച്ച കെ.കെ. നവാസ് മുസ്ലിം ലീഗ് ജില്ല സെക്രട്ടറിയാണ്. നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എം.എസ്.എഫ് നാദാപുരം നിയോജക ജനറൽ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് വാണിമേൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സമവായം, സഹകരണം -മില്ലി മോഹൻ
കോഴിക്കോട്: അഞ്ചു വർഷത്തെ ജില്ല പഞ്ചായത്ത് ഭരണം സമവായത്തിലും സഹകരണത്തിലും അധിഷ്ഠിതമായിരിക്കുമെന്ന് അധികാരമേറ്റെടുത്തശേഷം മില്ലി മോഹന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കും. കഴിഞ്ഞ ഭരണസമിതിയുടെ സ്നേഹസ്പർശംപോലുള്ള നല്ല പ്രവർത്തനങ്ങൾ തുടരും. വിവാദമായ പദ്ധതികൾ ഉപേക്ഷിക്കും. ജില്ലയുടെ ടൂറിസം വികസനസാധ്യതകള്‍ നടപ്പാക്കും. ഫാം ടൂറിസമുൾപ്പെടെയുള്ളവക്ക് പരിഗണന നൽകും. വന്യജീവി ആക്രമണം ഗൗരവമേറിയ പ്രശ്നമാണ്. അതിനെതിരെ എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്ന് പരിശോധിക്കും.
യു.ഡി.എഫിന് ഭരണം ലഭിച്ചത് ചരിത്രനേട്ടമാണെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് മില്ലി മോഹന്‍ പറഞ്ഞു. ഇടതുഭരണത്തില്‍ പ്രതിപക്ഷത്തെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. ഇനി അങ്ങനെ ഉണ്ടാവില്ല. എല്ലാ ഡിവിഷനുകള്‍ക്കും തുല്യപ്രാധാന്യം നല്കി പദ്ധതികള്‍ നടപ്പാക്കും. വിദ്യാഭ്യാസം, ചെറുകിടവ്യവസായം, കൃഷി എന്നിവക്ക് ഊന്നല്‍ നല്കുന്ന വിധം പ്രോജക്ടുകള്‍ ആവിഷ്കരിക്കും. പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും വയോജനങ്ങള്‍ക്കും വേണ്ടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. സമവായത്തിന്റെയും കൂടിയാലോചനയുടെയും അന്തരീക്ഷം ഉറപ്പാക്കും. തെരുവുനായ് പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് മില്ലി മോഹന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

