വീഴ്ചകൾ തിരുത്താനും ജനവിശ്വാസം തിരിച്ചുപിടിക്കാനുമുള്ള നടപടികൾക്ക് സി.പി.എം
text_fieldsകോഴിക്കോട്: വീഴ്ചകൾ തിരുത്താനും ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ചർച്ചകൾക്കാണ് സി.പി.എം വിപുലീകൃത ജില്ല കമ്മറ്റി യോഗത്തിൽ ഇന്ന് തുടക്കമാകുന്നത്.
നിയമസഭ - തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും സംഘടന ദൗർബല്യങ്ങളും കൊഴിഞ്ഞുപോക്ക്, നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കൽ തുടങ്ങിയവയെല്ലാം ചർച്ചയാകും. കഴിഞ്ഞ മാസം നടന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നിർദേശിച്ച തിരുത്തൽ നടപടികൾ സംബന്ധിച്ച തുടർനടപടികളും ഈ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13ൽ 12 സീറ്റും നഷ്ടമായ കനത്ത തോൽവിയാണ് പ്രധാന ചർച്ചയാകുക. പാർട്ടി വോട്ടുകളിലുണ്ടായ അടിയൊഴുക്കിലാണ് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനുമുൾപ്പെടെ പരാജയപ്പെട്ടതിന് പിന്നിൽ എന്ന് നേരത്തെ വിലയിരുത്തപ്പെട്ടതാണ്. പ്രാദേശിക വികാരം പോലും കണക്കിലെടുക്കാതെയാണ് എലത്തൂരിലുൾപ്പെടെ സ്ഥാനാർഥി നിർണയം നടത്തിയത്.
ശക്തികേന്ദ്രമായ നാദാപുരത്തെ തോൽവി പാർട്ടിയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ആദ്യമായി ജില്ല പഞ്ചായത്ത് ഭരണവും 17 പഞ്ചായത്തുകളും നഷ്ടമായി. അരനൂറ്റാണ്ട് കാലത്തോളം എൽ.ഡി.എഫ് ഭരിച്ച ഇടത് കോട്ടയായ കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം നിലനിർത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. മേയർ സ്ഥാനാർഥിയായിരുന്ന സി.പി. മുസാഫിർ അഹമ്മദിന്റെ തോൽവിയും വലിയ തിരിച്ചടിയായി.
നേതാക്കളുടെ സ്വഭാവ രീതിയിലുൾപ്പെടെയുണ്ടായ മാറ്റം വരെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന അഭിപ്രായം ശക്തമാണ്. വടകരയിലടക്കം പാർട്ടിയിൽനിന്ന് അകന്നവർ പല തിരുത്തൽ നടപടികൾ കൈകൊണ്ടിട്ടും തിരിച്ചുവരാത്ത സാഹചര്യമുണ്ട്. അതിനാൽ പാർട്ടിയുടെ ബഹുജന അടിത്തറ ശക്തിപ്പെടുത്തണമെന്ന ചർച്ചകൾക്കാണ് വിപുലീകൃത ജില്ല കമ്മറ്റി യോഗം സാക്ഷിയാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

