വ്യാജ സർട്ടിഫിക്കറ്റ് സമ്പാദിച്ച് ഭിന്നശേഷി സംവരണ അട്ടിമറി; പൊലീസ് റിപ്പോർട്ടിൽ അതൃപ്തി
text_fieldsകുറ്റ്യാടി: സർക്കാർ, സ്വകാര്യ സ്കൂളുകളിൽ ഭിന്നശേഷി സംവരണ ഒഴിവിൽ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് അധ്യാപക ജോലി നേടിയത് സംബന്ധിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ഭാരവാഹികൾ കുറ്റ്യാടി പൊലീസിന് നൽകിയ പരാതിയുടെ അന്വേഷണ റിപ്പോർട്ട് ഫെഡറേഷൻ ഭാരവാഹികൾ പുറത്തുവിട്ടു.
നാദാപുരം ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടാണ് പുറത്തുവിട്ടത്. സർട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലി നേടിയ അധ്യാപിക സമർപ്പിച്ചത് യഥാർഥ സർട്ടിഫിക്കറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, സർട്ടിഫിക്കറ്റ് വ്യാജമാണെന്നതല്ല, സർട്ടിഫിക്കറ്റ് നേടിയവർ അതിന് അർഹരാണോ എന്നതാണ് അന്വേഷിക്കേണ്ടതെന്ന് ഫെഡറേഷൻ ജില്ല ഭാരവാഹികളായ അരവിന്ദൻ കൊയിലാണ്ടി, അബ്ദുറസാഖ് കൊയിലാണ്ടി എന്നിവർ പറഞ്ഞു. അശാസ്ത്രീയ അന്വേഷണത്തിലൂടെ തട്ടിപ്പുസംഘങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുകയാണ്.
ജൂലൈ 18നാണ് ഫെഡറേഷൻ ജില്ല കമ്മിറ്റിയംഗങ്ങളടക്കം ആറുപേർ പരാതി നൽകിയത്. കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് റാക്കറ്റിനെതിരെ അന്വേഷണം ശക്തമാക്കണമെന്നായിരുന്നു ആവശ്യം. ഇത്തരം സർട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലി നേടിയ അധ്യാപികയുടെ വിവരങ്ങൾ കാണിച്ചാണ് പരാതി നൽകിയിരുന്നത്. കുറ്റ്യാടി കേന്ദ്രീകരിച്ച് സർക്കാർ സർവിസിൽ ജോലി ചെയ്ത നേത്രരോഗ ഡോക്ടറുടെ നേതൃത്വത്തിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകുന്നതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ആരോപണം ഉയർന്നപ്പോൾ ഈ ഡോക്ടർ ജോലിയിൽനിന്ന് സ്വയം വിരമിച്ച് സ്വകാര്യ ക്ലിനിക്ക് നടത്തുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച് 15ഓളം പരാതികളാണ് കുറ്റ്യാടിയിൽ ലഭിച്ചത്. പൊതുപ്രവർത്തകരും രാഷ്ട്രീയപാർട്ടി ഭാരവാഹികളും പരാതി നൽകിയവരിൽ ഉൾപ്പെടും.
വേളം സ്വദേശിയായ ഒരാളുടെ നേതൃത്വത്തിൽ നിരവധി സർട്ടിഫിക്കറ്റുകൾ നിർമിച്ചതായി ഭിന്നശേഷിക്കാരൻ കുറ്റ്യാടി സി.ഐക്ക് പരാതി നൽകിയിരുന്നു. കണ്ണൂർ ജില്ലയിലെ ഒരു എയ്ഡഡ് ഹൈസ്കൂളിലും കോഴിക്കോട് ജില്ലയിലെ ഒരു എയ്ഡഡ് യു.പി സ്കൂളിലും കാഴ്ചപരിമിതി വിഭാഗത്തിൽ ജോലി നേടിയ അധ്യാപികമാർ ഇപ്രകാരം വ്യാജ സർട്ടിഫിക്കറ്റ് സമ്പാദിച്ചവരാണെന്ന് ഇവരുടെ പേര് സഹിതം പരാതിയിൽ സൂചിപ്പിച്ചിരുന്നു. പഠനകാലഘട്ടത്തിൽ ഇവർ ഭിന്നശേഷി ആനുകൂല്യം നേടുകയോ കെ.ടെറ്റ് പരീക്ഷയിൽ ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാത്തവരോ ആണ്.
കാഴ്ചപരിമിതി സർട്ടിഫിക്കറ്റുള്ള ഇവർ അതിനുമുമ്പ് ഡ്രൈവിങ് ലൈസൻസ് നേടിയിട്ടുണ്ട്. സ്വന്തമായി വാഹനം ഓടിച്ചാണ് സ്കൂളിൽ പോകുന്നത്. വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ഭിന്നശേഷിക്കാരുടെ ഒഴിവിൽ മുമ്പുണ്ടായിരുന്ന അധ്യാപികക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കി അവരുടെ നിയമനം ഭിന്നശേഷി വിഭാഗത്തിലാക്കി മാറ്റുകയുണ്ടായെന്നും പരാതിയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

