കലോത്സവം തകർക്കുമ്പോൾ ‘ദിശ’ തേടി ആയിരങ്ങൾ
text_fieldsഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന കടപ്പുറത്തെ ദിശ ഹയർ സ്റ്റഡീസ് എക്സ്പോയിലെ തിരക്ക്
കോഴിക്കോട്: കലോത്സവം അരങ്ങുതകർക്കുന്നതിനിടയിലും മികച്ച ഭാവിയിലേക്ക് സൂചന നൽകുന്ന പ്രദർശനം സന്ദർശിക്കാൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വൻ തിരക്ക്. കടപ്പുറത്ത് ഒരുക്കിയ ദിശ 2023 ഹയർ സ്റ്റഡീസ് എക്സ്പോയിലാണ് വൻ ജനപങ്കാളിത്തം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹയർ സെക്കൻഡറിക്കു ശേഷമുള്ള ഉപരിപഠനത്തിന്റെ അനന്തസാധ്യതകളിലേക്ക് വഴികാണിക്കുന്ന ദിശ ഹയർ സ്റ്റഡീസ് എക്സ്പോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തതു മുതൽ തിരക്കും തുടങ്ങിയിരുന്നു.
നാലു ദിവസത്തിനകം മുപ്പതിനായിരത്തിലേറെ പേർ സന്ദർശിച്ചു കഴിഞ്ഞതായാണ് കണക്ക്. വെള്ളിയാഴ്ച മാത്രം എണ്ണായിരത്തിലേറെ പേർ സന്ദർശിച്ചു. മേളയുടെ സമാപന ദിവസമായ ശനിയാഴ്ച രാവിലെ തന്നെ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ മേളയിലെത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയവയടക്കം 32 സ്റ്റാളുകൾ പ്രദർശനത്തിനുണ്ട്.
ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ സെമിനാർ ഹാളിൽ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, ഇന്ത്യൻ ഫുട്ബാൾ നായകനായിരുന്ന യു. ഷറഫലി, വോളിബാൾ ക്യാപ്റ്റൻ ടോം ജോസ്, ഡോ. വിനോദ് പി. ഭട്ടാചാര്യ, പൊലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം തുടങ്ങി നിരവധി പേർ സംവദിക്കാനെത്തി. എല്ലാ ദിവസവും രാവിലെ മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാഭ്യാസ പ്രദർശന നഗരിയിലേക്ക് വിദ്യാർഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

