വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം: ഇരുട്ടിൽ തപ്പി പൊലീസ്
text_fieldsമുഹമ്മദ് ആട്ടൂർ
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. മുഹമ്മദിനെ കാണാതായിട്ട് ഒമ്പതുമാസം പിന്നിട്ടിട്ടും കാര്യമായ തെളിവുകളൊന്നും ലഭിക്കാതെ അന്വേഷണസംഘം ഇരുട്ടിൽ തപ്പുകയാണ്. അതിനിടെ, ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായെന്ന ആക്ഷേപവും ഉയർന്നു. ബാലുശ്ശേരി എരമംഗലം സ്വദേശിയായ ആട്ടൂർ ഹൗസിൽ മുഹമ്മദ് ആട്ടൂരിനെ (മാമി -56) കഴിഞ്ഞ ആഗസ്റ്റ് 21നാണ് കാണാതായത്. നടക്കാവ് പൊലീസ് ഇൻസ്പെക്ടറായിരുന്ന പി.കെ. ജിജീഷാണ് തിരോധാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മാസങ്ങൾനീണ്ട അന്വേഷണത്തിനിടെ സുഹൃത്തുകൾ, ബിസിനസ് പങ്കാളികൾ, കുടുംബാംഗങ്ങൾ അടക്കമുള്ളവരിൽനിന്ന് മൊഴിയെടുത്തിട്ടും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. അന്വേഷണം ലോക്കൽ പൊലീസിൽനിന്ന് മാറ്റി ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും ഉടനെ മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് നിവേദനം നൽകും.
അന്വേഷണത്തിന്റെ തുടക്കത്തിൽ കേസ് വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു. മാമിയെക്കുറിച്ച് അപവാദ പ്രചാരണം നടത്തി പ്രശ്നത്തിൽ ഇടപെടുന്നതിൽനിന്ന് മറ്റുള്ളവരെ അകറ്റാനാണ് ശ്രമമുണ്ടായത്. തിരോധാനത്തിന്റെ തലേദിവസം ഇതര സംസ്ഥാനക്കാരായ രണ്ടുപേർ കോഴിക്കോട് കടപ്പുറത്ത് മാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇവരാണോ തിരോധാനത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും മൊഴികളുണ്ടായിരുന്നു. തുടർന്ന് ഈ വഴിക്കെല്ലാം പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. മാമിയുമായി വളരെ അടുപ്പമുള്ള ചിലർ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടെങ്കിലും അന്വേഷണ സംഘത്തിന് ഇവരുടെ പങ്കിനെക്കുറിച്ച് വ്യക്തത കൈവന്നിട്ടില്ല. അതിനിടെ, ചോദ്യംചെയ്യലിൽനിന്ന് രക്ഷപ്പെടാൻ മാമിയുമായി അടുപ്പമുള്ള ചിലർ കോടതിയെ സമീപിച്ചത് ദുരൂഹത വർധിപ്പിച്ചു. സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ കീഴിൽ ഡി.സി.പി അനൂജ് പലിവാളിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥരിൽ പലരും സ്ഥലം മാറിപ്പോയത് അന്വേഷണത്തെ മന്ദഗതിയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

