കണ്ണിൽ ചോരയില്ലാത്ത ക്രൂരത; ഭിന്നശേഷി ദമ്പതികളുടെ കട അടിച്ചുതകർത്തു
text_fieldsമെഡിക്കൽ കോളജ് ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം കേൾവി, സംസാര ശേഷിയില്ലാത്ത ദമ്പതികളുടെ കട സാമൂഹിക ദ്രോഹികൾ അടിച്ചുതകർത്ത നിലയിൽ
കോഴിക്കോട്: മെഡിക്കൽ കോളജ് ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം കേൾവി-സംസാര ശേഷിയില്ലാത്ത ദമ്പതികളുടെ ഉപജീവനമാർഗമായ കട സാമൂഹിക ദ്രോഹികൾ അടിച്ചുതകർത്തു. ഭിന്നശേഷിക്കാരായ ഫാത്തിമത്തുൽ ഇർഫാനയും റഫീഖും നടത്തുന്ന മധുരിമ ഹോട്ടൽ ആൻഡ് കൂൾബാറാണ് പരിസരവാസിയായ ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിൽ അടിച്ചുതകർത്തത്. കടയിൽ അതിക്രമിച്ചുകയറിയ സംഘം കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 80,000 രൂപ അപഹരിച്ചതായും പരാതിയിൽ പറയുന്നു.
കടയിൽനിന്ന് സിഗരറ്റ് വാങ്ങുന്നവർ തന്റെ വീടിനു മുന്നിൽവെച്ച് വലിക്കുന്നുവെന്നാരോപിച്ചാണ് പരിസരവാസി ആക്രമണം തുടങ്ങിയത്. 26ന് രാത്രി 11ന് കടയുടെ സമീപത്ത് താമസിക്കുന്ന അലോഷി, കണ്ടാലറിയാവുന്ന രണ്ടാളുമായി വന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഇർഫാനയുടെ പിതാവിനെയും സഹോദരിയുടെ ഭർത്താവിനെയും മർദിക്കുകയും ചെയ്തു. ഇതിൽ സഹോദരീഭർത്താവിന് പരിക്കേറ്റു. ശേഷം 27ന് വൈകീട്ട് നാലോടെ പ്രതിയും 10 പേരും കടയിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി കട അടപ്പിച്ചു.
പിന്നീട് രാത്രിയിലെത്തിയ സംഘം കടയുടെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും കാഷ് കൗണ്ടറിലുണ്ടായിരുന്ന 80,000 രൂപ അപഹരിക്കുകയും ചെയ്തു. ഇതിനുപുറമെ ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായും ഇർഫാനയുടെ പിതാവ് റഷീദ് പറഞ്ഞു. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകിയെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്നും ആരോപണമുണ്ട്. അലോഷിക്കും കണ്ടാലറിയാവുന്ന 10 പേർക്കുമെതിരെയാണ് കേസ്. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ ഒളിവിലാണ്.
ഭിന്നശേഷി കൂട്ടായ്മയുടെ പ്രതിഷേധ സംഗമം
ഭിന്നശേഷി ദമ്പതികളുടെ കട തകർത്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കോഴിക്കോട് പരിവാർ ജില്ല വൈസ് പ്രസിഡന്റ് പി. സിക്കന്തർ അധ്യക്ഷത വഹിച്ചു. കട അടിച്ചുതകർത്തവരെ നിയമത്തിന്റെ മുന്നിലെത്തിക്കുക, കട എത്രയും പെട്ടെന്ന് പുനഃസ്ഥാപിച് കച്ചവടം നടത്താനുള്ള നടപടികൾ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ഭിന്നശേഷി കൂട്ടായ്മയുടെ ചെയർമാൻ ബാലൻ കാട്ടുങ്ങൽ, പരിവാർ ജില്ല സെക്രട്ടറി രാജൻ തെക്കയിൽ, ഭിന്നശേഷി അസോ. സെക്രട്ടറി സൈനുദ്ദീൻ മടവൂർ, ഫാത്തിമത്തുൽ ഇർഫാന, റഫീഖ്, ഷംസിയ വി.എം, കവിത കൃഷ്ണൻ, റാനിയ അലി, റഷീദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

