ഒരു നാടിന്റെ പാട്ടുകാരനായി ദിനേശ് നന്മണ്ട
text_fieldsദിനേശ് നന്മണ്ട
ഗാനമാലപിക്കുന്നു
നന്മണ്ട: ഒരിക്കൽ പോലും ജീവിതത്തിന്റെ ഈരടികൾ തെറ്റിയിട്ടില്ല. എല്ലാ ദുരിതങ്ങൾക്കിടയിലും ആശ്വാസമായി സംഗീതത്തിന്റെ താളം നിറയുന്നു ഈ ജീവിതത്തിൽ. ഇത് ദിനേശ് നന്മണ്ട. നന്മയുടെ ദേശത്തെ പാട്ടുകാരൻ ദിനേശിനെയും ദിനേശിലെ സംഗീതത്തെയും നന്മണ്ടക്കാർ സ്വന്തമാക്കുകയായിരുന്നു. പിതാവായ അച്ഛൻ കേളു ഭാഗവതരിൽനിന്നും മൂത്ത സഹോദരൻ സംഗീതജ്ഞനായ വിജയൻ നന്മണ്ടയിൽനിന്നും നന്നെ ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ചു. ആയിരത്തിലധികം പാട്ടുകൾ ദിനേശ് നന്മണ്ടക്ക് മനഃപാഠമാണ്. പാട്ടിന്റെ കരോക്കെയും കൂടെ കരുതും. ഒരവസരം ലഭിച്ചാൽ ശബ്ദംകൊണ്ട് വിസ്മയം തീർക്കും.
ഉപജില്ല കലോത്സവത്തിലെയും ജില്ല കലോത്സവത്തിലെയും പ്രതിഭകൾക്കുള്ള പരിശീലനവും ദിനേശ് നൽകുന്നു. കേരളത്തിനകത്തും പുറത്തും പാടുന്ന ദിനേശ് ഗായകൻ ജയചന്ദ്രന്റെ കടുത്ത ആരാധകനാണ്. അദ്ദേഹം പാടിയ പാട്ടുകൾ പാടുന്നതിൽ ആത്മസംതൃപ്തി കിട്ടുന്നതായും ദിനേശ് പറയുന്നു. ജില്ല കലോത്സവത്തിന്റെയും ഉപജില്ല കലോത്സവത്തിന്റെയും വിധികർത്താവായും ദിനേശ് ഉണ്ടാകും. പാട്ടിനോടൊപ്പം തബല, ഹാർമോണിയം, ഗിത്താർ, ഡ്രംസ്, ജാസ് എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഹൈസ്കൂളിലും എറണാകുളം ഭാരതീയ വിദ്യാഭവൻ ഹൈസ്കൂളിലും സംഗീത അധ്യാപകനായിരുന്നു. ഇപ്പോൾ ഭാരത സർക്കാറിന്റെ വാർത്തവിതരണ വകുപ്പിന്റെ ഭാഗമായ സംഗീത-നാടക വിഭാഗത്തിൽ രജിസ്ട്രേഡ് ആർട്ടിസ്റ്റാണ്. ചെണ്ടമേളത്തിലും തെയ്യത്തിലും അറിയപ്പെടുന്ന കലാകാരൻ കൂടിയാണ്. മകൾ ശ്രീലക്ഷ്മി ദിനേശ് സംസ്ഥാന കലോത്സവത്തിൽ മലബാറിന്റെ താരമായി സിനിമ താരം മഞ്ജു വാര്യർ തിരഞ്ഞെടുത്ത പ്രതിഭയാണ്. ഭാര്യ രമണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

