ദിലീപ്ജി: കോഴിക്കോടിന് പ്രിയപ്പെട്ട നടനേതിഹാസം
text_fieldsകോഴിേക്കാട്: മാതൃഭാഷ മലയാളമാണെങ്കിലും കോഴിക്കോട്ടുകാരുടെ സിനിമഭാഷക്കും സംഗീത ഭാഷക്കും അതിരുകളുണ്ടാവാറില്ല. ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിനെയും കോഴിേക്കാട് നഗരം നെഞ്ചിലേറ്റി. അദ്ദേഹത്തിെൻറ സിനിമകൾ കാണാൻ തിയറ്ററുകൾ നിറഞ്ഞുകവിയുമായിരുന്നു. മുഹമ്മദ് റഫിയുടെ ഗാനങ്ങളോടുള്ള ആത്മബന്ധവും ദിലീപ് കുമാറിനെ കോഴിക്കോട്ടുകാരുടെ മനസ്സിൽ കുടിയിരുത്തി. റഫിയുടെ ഗാനങ്ങൾക്ക് ഭാവാഭിനയത്തിെൻറ പൂർണത നൽകിയ നടനെ എങ്ങനെ കോഴിക്കോടിന് പ്രണയിക്കാതിരിക്കാനാവും. ഇവിടെയെത്തിയ സന്ദർഭങ്ങളിലെല്ലാം ആരാധകരുടെ സ്നേഹപ്രകടനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി.
1961ൽ വയനാട് സന്ദർശനത്തിനാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. മേപ്പാടിയിൽ ഒരു എസ്റ്റേറ്റ് കാണാൻ വന്നതായിരുന്നു. നീലിക്കണ്ടി കുഞ്ഞഹമ്മദ് ഹാജി എന്ന വ്യവസായിയായിരുന്നു അദ്ദേഹത്തെ കൊണ്ടുവന്നത്. അന്ന് ദിലീപ് കുമാർ താമസിച്ചത് നടക്കാവ് വൃന്ദാവൻ ഹോട്ടലിലായിരുന്നു.
കോഴിക്കോട്ടെത്തിയ വിവരമറിഞ്ഞ് ക്രൗൺ തിയറ്റർ മാനേജ്മെൻറ് അേദ്ദഹത്തെ തേടിയെത്തി. ദിലീപ് കുമാർ അഭിനയിച്ച 'ഗംഗാ യമുന' യുടെ ക്രൗണിലെ ആദ്യപ്രദർശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1989ൽ എം.ഇ.എസിെൻറ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ ദിലീപ് കുമാർ കോഴിക്കോട്ടെത്തിയിരുന്നു. മാനാഞ്ചിറയിലായിരുന്നു ആഘോഷപരിപാടികൾ. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസോന്നമന പ്രവർത്തനങ്ങളിൽ ദിലീപ്കുമാറിന് വലിയ താൽപര്യമായിരുന്നു എന്ന് എം.ഇ.എസിെൻറ മുൻ സംസ്ഥാന പ്രസിഡൻറായിരുന്ന ഡോ.കെ. മൊയ്തു ഓർക്കുന്നു.
എം.ഇ.എസിെൻറ പരിപാടിക്കെത്തിയ ദിലീപ് കുമാർ ഏതാനും ദിവസം ഇവിടെ കഴിഞ്ഞാണ് തിരിച്ചുപോയത്. നടൻ മമ്മൂട്ടി അന്ന് ഇവിടെ എത്തി ദിലീപ് കുമാറുമായി കൂടിക്കാഴ്ച നടത്തിയതായും മൊയ്തു ഡോക്ടർ അനുസ്മരിച്ചു. മുംൈബയിലെ വിവിധ ഭാഗങ്ങളിൽ എം.ഇ.എസ് നടത്തിയ വിദ്യാഭ്യാസപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുക്കുമായിരുന്നു.