പൊളിഞ്ഞ റോഡിൽ കണ്ണിൽപൊടിയിട്ട് കുഴിയടക്കൽ
text_fieldsഎരഞ്ഞിമാവ് - ചുള്ളിക്കാപറമ്പ് റോഡിൽ ക്വാറിമാലിന്യം ഉപയോഗിച്ച് കുഴിയടക്കുന്നു
കൊടിയത്തൂർ: കോഴിക്കോട്- ഊട്ടി ഹ്രസ്വദൂര പാതയുടെ ഭാഗമായ എരഞ്ഞിമാവ് ചുള്ളിക്കാപറമ്പ് റോഡിൽ നാട്ടുകാരെയും യാത്രക്കാരെയും കബളിപ്പിക്കാൻ അധികൃതർ ക്വാറി മാലിന്യം കൊണ്ട് കുഴിയടച്ചു. ഇതിൽ വലിയ കരിങ്കൽ കഷണങ്ങൾ ഉൾപ്പെടെയുള്ളതിനാൽ അപകടസാധ്യതയേറെയുണ്ട്. റോഡ് റോളർ ഉപയോഗിച്ച് ഉറപ്പിച്ചിട്ടില്ലെന്നുള്ള പരാതിയുമുണ്ട്.
ശക്തമായ മഴ പെയ്താൽ ക്വാറിമാലിന്യം ഒലിച്ച് പറമ്പുകളിലോ വയലിലോ എത്തും. മൂന്ന് കിലോമീറ്റർ നീളമുള്ള ഈ റോഡിൽ മഴ പെയ്ത് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടങ്ങൾ പതിവായ വാർത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി ബസുകളും നൂറുകണക്കിന് ടിപ്പർ ലോറികളും സർവിസ് നടത്തുന്നതിനുപുറമെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുൾപ്പെടെ ആംബുലൻസുകൾ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇടതടവില്ലാതെ യാത്രചെയ്യുന്ന റോഡിലാണിത്.
പന്നിക്കോട് കെ.എസ്.ഇ.ബി ഓഫിസിന് സമീപം, പരപ്പിൽ ബസ് സ്റ്റോപ്പിന് സമീപം, കൃഷിഭവൻ പരിസരം, തെനേങ്ങപറമ്പ് അങ്ങാടി, പറക്കോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ കുഴികളാണുള്ളത്. എരഞ്ഞിമാവ് മുതൽ കൂളിമാട് വരെ റോഡ് നവീകരണത്തിന് ആറുകോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

