കാരപ്പറമ്പ് സ്‌കൂൾ 48ാം നമ്പര്‍ ബൂത്ത് നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാര്‍
text_fieldsകോഴിക്കോട്: നോര്‍ത്ത് മണ്ഡലത്തിലെ കാരപ്പറമ്പ് ഗവ. ഹൈസ്‌കൂളിലെ 48ാം നമ്പര്‍ ബൂത്ത് നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാര്‍. ജില്ലയില്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ ഏക ഇന്‍ക്ലൂസിവ് പോളിങ് ബൂത്താണിത്. 1,082 വോട്ടര്‍മാരുള്ള ഇവിടെ പ്രിസൈഡിങ് ഓഫിസര്‍ ഫാറൂഖ് കോളജിലെ ഇംഗ്ലീഷ് അസോ. പ്രൊഫ. ഡോ. സി. ഹബീബാണ്.
കാഴ്ച പരിമിതിയുള്ള ഇദ്ദേഹത്തെ സഹായിക്കാന്‍ ഫസ്റ്റ് പോളിങ് ഓഫിസറായി കോഴിക്കോട് ഗവ. പോളിടെക്‌നിക് അധ്യാപകന്‍ അബ്ദുല്‍ ബാസിത്തും പോളിങ് ഓഫിസര്‍മാരായി കൊയിലാണ്ടി കക്കഞ്ചേരി ജി.യു.പി സ്‌കൂള്‍ അധ്യാപിക ഷാഹിന, വടകര സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസിലെ മഷ്ഹൂദ, കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലെ സജീവന്‍ എന്നിവരുമുണ്ട്.
വീല്‍ചെയറുകള്‍ക്ക് പ്രവേശിക്കാന്‍ റാമ്പ്, പ്രത്യേക ശുചിമുറികള്‍, ഫീഡിങ് റൂം, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങള്‍ ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇന്‍ക്ലൂസിവ് ബൂത്തിന് പുറമെ രണ്ട് ബൂത്തുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തല്‍ സുഗമമാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ജില്ലയില്‍ ഒരുക്കിയത്. ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ വീല്‍ചെയര്‍ സൗകര്യവും വീട്ടില്‍നിന്ന് പോളിങ് സ്റ്റേഷനിലെത്തിച്ച് തിരികെ എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇവരെ സഹായിക്കാന്‍ എല്ലാ ബൂത്തിലും വളന്‍റിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, അംഗൻവാടി ഹെല്‍പര്‍മാര്‍ എന്നിവരാണ് സേവനത്തിനുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

