ഒരേ ബ്രാൻഡ് നാമത്തിൽ വ്യത്യസ്ത മരുന്നുകൾ; വേദന സംഹാരിക്ക് പകരം കിട്ടിയത് അപസ്മാര മരുന്ന്
text_fieldsകോഴിക്കോട്: രണ്ടു കമ്പനികൾ ഒരേ ബ്രാൻഡ് നാമത്തിൽ തികച്ചും വ്യത്യസ്തമായ ചേരുവകൾ ചേർത്ത് വെവ്വേറെ അസുഖങ്ങൾക്ക് മരുന്നുകൾ നിർമിച്ച് വിപണിയിലിറക്കുന്നത് ഗുരുതര ആരോഗ്യ പ്രതിസന്ധിക്കിടയാക്കുന്നു. ഇത്തരം ആശയക്കുഴപ്പം കാരണം കോഴിക്കോട്ട് കാൽമുട്ട് വേദനക്ക് ചികിത്സ തേടിയ രോഗിക്ക് വേദന സംഹാരിക്കു പകരം സ്വകാര്യ മെഡിക്കൽ ഷോപ്പിൽ നിന്ന് അപസ്മാരത്തിന് കൊടുക്കുന്ന വീര്യം കൂടിയ മരുന്ന് ലഭിച്ചതായാണ് പരാതി. ഉപഭോക്താവിന്റെ ജാഗ്രതയിൽ ഗുരുതര ആരോഗ്യ പ്രശ്നത്തിനിടയാക്കുന്ന ദുരന്തം ഒഴിവാകുകയായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി എ.പി.എം. നൗഷാദാണ് ഇതുസംബന്ധിച്ച് ഡ്രഗ് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്. തുടർന്ന്, മെഡിക്കൽ ഷോപ്പിന് ഔഷധ നിയമലംഘന നിയമ പ്രകാരം ഡ്രഗ് കൺട്രോളർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ആശയ ക്കുഴപ്പത്തിനിടയാക്കിയ മരുന്നിന്റെ വിതരണം തടഞ്ഞതായും ഡ്രഗ് കൺട്രോൾ വിഭാഗം അറിയിച്ചു.
നൗഷാദിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ കാൽമുട്ട് വേദനക്ക് ചികിത്സ തേടിയപ്പോൾ മറ്റ് മരുന്നുകൾക്കൊപ്പം വേദനക്ക് ഉപയോഗിക്കുന്ന മാക്സ്ഡോൾ ഇ.ആർ എന്ന ബ്രാൻഡ് നെയിമിലുള്ള മരുന്നും ഡോക്ടർ കുറിച്ച് നൽകിയിരുന്നു. എരഞ്ഞിപ്പാലത്തെ സ്വകാര്യ മരുന്ന് ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയപ്പോൾ മാക്സ്ഡോൾ ഇ.ആർ ഇല്ലെന്നും പകരം മറ്റൊരു കമ്പനിയുടെ മരുന്ന് നൽകാമെന്നും പറഞ്ഞു. ഇതു പ്രകാരം ദിവാ ഒ.ഡി 1000 ടാബ്ലറ്റ് ഇ.ആർ എന്ന മരുന്നാണ് നൗഷാദിന് നൽകിയത്.
വീട്ടിലെത്തിയ നൗഷാദ് മരുന്നിന്റെ പാക്കിലെ കണ്ടന്റ് വിവരങ്ങളിൽ സംശയം തോന്നി നെറ്റിൽ സെർച് ചെയ്തു നോക്കിയപ്പോഴാണ് ഇത് അപസ്മാരത്തിന് നൽകുന്ന മരുന്നാണെന്ന് മനസ്സിലായത്. അപസ്മാരത്തിന് നൽകുന്ന മാക്സ്ഡോൾ 1000 എം.ജി ടാബ്ലെറ്റ് ഇ.ആർ മരുന്ന് പകരം നൽകുന്ന മരുന്നായിരുന്നു ഇത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ നൗഷാദ് മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് തിരിച്ചുനൽകി. മരുന്നു കുറിപ്പടിയിൽ ഡോക്ടർ ജനറിക് നാമം എഴുതാതിരുന്നതും ഇന്റർനെറ്റിൽ മരുന്നിന്റെ പേര് തിരഞ്ഞ മെഡിക്കൽ ഷോപ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുയാണ് ഗുരുതര പ്രത്യാഘാതത്തിനിടയായേക്കാവുന്ന മരുന്ന് മാറ്റത്തിലേക്ക് നയിച്ചത്.
മാക്സ്ഡോൾ ഇ.ആർ വേദന സംഹാരി ഉത്തർപ്രദേശിലെ കമ്പനിയാണ് നിർമിക്കുന്നത്. കോഴിക്കോട് തളിയിലെ ഡീലർമാരോട് ഇത് വിതരണം ചെയ്യരുതെന്ന് അധികൃതർ നിർദേശിച്ചു. സാധാരണ ഗതിയിൽ രോഗികൾ ഇത്തരത്തിലുള്ള പരിശോധനക്ക് നിൽക്കാറില്ലെന്നും ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനാണ് മരുന്ന് വിൽപന തടഞ്ഞതെന്നും ഡ്രഗ് കൺട്രോൾ വിഭാഗം അറിയിച്ചു.
ഡൽഹി ആസ്ഥാനമായ ഫാർമെക്സിയാ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിൽ ഇറക്കുന്ന മരുന്ന് മാക്സ്ഡോൾ 1000 എം.ജി ടാബ്ലറ്റ് ഇ.ആർ കേരളത്തിൽ പ്രചാരണത്തിലുള്ളതല്ല. വിവിധ സംസ്ഥാനങ്ങളിൽ മരുന്ന് കമ്പനികൾക്ക് ബ്രാൻഡ് നെയിം നൽകുന്നതിൽ ഏകോപനമില്ലാത്തതാണ് ഇത്തരം പ്രതിസന്ധിക്കിടയാക്കുന്നതെന്ന് ഡ്രഗ് ഇൻസ്പെക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.