ഫലം വന്നിട്ടും തെരഞ്ഞെടുപ്പിെൻറ വാഹനക്കൂലി ലഭിച്ചില്ല
text_fieldsകോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നിർത്തിയിട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള വാഹനങ്ങൾ (ഫയൽ ചിത്രം)
കോഴിക്കോട്: തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു. പുതിയ മന്ത്രിസഭ അധികാരത്തിലേറാനുമായി. എന്നിട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സർവിസ് നടത്തിയ സ്വകാര്യ ടാക്സി കാറുകൾക്ക് പ്രതിഫലം ലഭിച്ചിട്ടില്ല. ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും പല വാഹനങ്ങളും അനുബന്ധ ജോലികളുമായി ഏപ്രിൽ ഒമ്പതു വരെയെല്ലാം ഓടേണ്ടി വന്നിട്ടുണ്ട്.
മാർച്ച് ആദ്യം മുതൽ ഓടിത്തുടങ്ങിയ വാഹനങ്ങളുമുണ്ട്. ഒരു മാസത്തിലേറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഓടിയിട്ടും പ്രതിഫലമില്ലാത്ത അവസ്ഥയിലാണ് ഡ്രൈവർമാർ. ജില്ലയിൽ 500 ഓളം ടാക്സി കാറുകൾ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പരിസരത്തെ 20 കാറുകളും ഇതിലുൾപ്പെടുന്നു. പലർക്കും രാവിലെ ആറു മുതൽ രാത്രി 10 വരെ നീളുന്ന തരത്തിലായിരുന്നു ഡ്യൂട്ടി.
എന്നാൽ, എങ്ങനെയാണ് പ്രതിഫലം എന്നതിനെ കുറിച്ച് ഡ്രൈവർമാർക്ക് വ്യക്തതയില്ല. ചെറിയ ടാക്സികൾക്ക് കിലോമീറ്ററിന് 30 രൂപയും ഇന്നോവ പോലെ വലിയ വാഹനങ്ങൾക്ക് 34 രൂപയും നൽകുമെന്നാണ് കേട്ടുകേൾവി എന്നാണ് ഡ്രൈവർമാർ പറയുന്നത്. വെയിറ്റിങ് ചാർജ് വേറെ നൽകുമെന്നും അധികൃതർ പറയുന്നുണ്ട്. എന്നാൽ, 20-30 ദിവസം ഓടിയവർക്കു പോലും 14 ദിവസത്തേക്കുള്ള ഭക്ഷണ അലവൻസ് മാത്രമാണ് നൽകിയത്. ദിവസം 350 രൂപ നിരക്കിൽ 14 ദിവസത്തെ ഭക്ഷണ അലവൻസ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ലഭിച്ചതെന്ന് മെഡിക്കൽ കോളജ് പരിസരത്തെ ടാക്സി ഡ്രൈവറായ ബീരാൻ കോയ പറഞ്ഞു.
ഓടിയ സമയത്തെല്ലാം ആവശ്യമായ ഡീസൽ സർക്കാർ ചെലവിൽ തന്നിരുന്നു. മറ്റൊരു തരത്തിലുമുള്ള പ്രതിഫലവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനങ്ങൾക്ക് സംഭവിച്ച കേടുപാട് പരിഹരിക്കുന്നതിനുപോലും ഡ്രൈവർമാർ സ്വന്തം കൈയിൽനിന്ന് പണം ചെലവഴിക്കേണ്ടി വന്നു. പ്രതിഫലം ലഭിക്കാതെയുള്ള ഓട്ടത്തിനിടെ വരുന്ന ഇത്തരം ചെലവുകൾ ഡ്രൈവർമാർക്ക് അധിക ബാധ്യതയാണ് വരുത്തിയത്. തെരഞ്ഞെടുപ്പിനുശേഷം വിഷുവന്നു. പെരുന്നാളുമായി. ഇപ്പോഴാണെങ്കിൽ കോവിഡ് ലോക്ഡൗൺ കാരണം സാധാരണ ടാക്സി സർവിസും അനുവദനീയമല്ല.
എല്ലാ ഡ്രൈവർമാരും സാമ്പത്തികമായി പ്രതിസന്ധിയിലിരിക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തുക ലഭിക്കുകയാണെങ്കിൽ ആശ്വാസമാകുമെന്ന് ഡ്രൈവർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

