നിക്ഷേപത്തുക തിരികെ ലഭിച്ചില്ല: വനിത സഹകരണ സൊസൈറ്റിക്കെതിരെ പ്രതിഷേധവുമായി ഭിന്നശേഷിക്കാർ
text_fieldsഎരഞ്ഞിപ്പാലം നായനാര്‍ ബാലികസദനത്തിലെ ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ സിറ്റി വനിത കോഓപറേറ്റിവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതിന് കുട്ടികളും രക്ഷിതാക്കളും പുതിയറ ജെ.ആര് ഓഫിസിൽ സഹകരണ ജോ. രജിസ്ട്രാറെ
കാണാനെത്തിയപ്പോൾ
കോഴിക്കോട്: എരഞ്ഞിപ്പാലം സിറ്റി വനിത കോഓപറേറ്റിവ് സൊസൈറ്റി പൂട്ടിപ്പോയതിനെതുടർന്ന് സമ്പാദ്യം നഷ്ടപ്പെട്ട മുതിർന്ന ഭിന്നശേഷിക്കാരും രക്ഷിതാക്കളും സഹകരണഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന മുതിർന്ന വ്യക്തികളുടെ തൊഴിൽപരിശീലന കേന്ദ്രമായ യു.എൽ കെയർ നായനാർ സദനത്തിലെ ട്രെയിനികളും രക്ഷിതാക്കളുമാണ് പ്രിൻസിപ്പൽ പി. തങ്കമണിയുടെ നേതൃത്വത്തിൽ പുതിയറയിലെ സഹകരണ ഭവൻ ജോയന്റ് രജിസ്ട്രാർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
വനിത സൊസൈറ്റിയിലെ അന്നത്തെ സെക്രട്ടറി സബിത പരിശീലനകേന്ദ്രത്തിലെത്തി ട്രെയിനികൾക്ക് ഹെൽപ്പർ തസ്തികയിൽ ഇന്റേൺഷിപ് അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു. തുടർന്ന് എട്ടുപേർ പ്രസ്തുത വനിത സൊസൈറ്റിയിൽ ഇന്റേൺഷിപ് ചെയ്തു. ഇവർക്ക് ലഭിച്ച സ്റ്റൈൻഡ് തുക വനിത സൊസൈറ്റിയിൽതന്നെ ആരംഭിച്ച സേവിങ്സ് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. പിന്നീട് വനിത സൊസൈറ്റി ആരംഭിക്കുന്ന സൂപ്പർമാർക്കറ്റിലും മറ്റു സംരംഭങ്ങളിലും കൂടുതൽ പേർക്ക് ജോലി നൽകാമെന്ന സെക്രട്ടറിയുടെ ഉറപ്പ് വിശ്വസിച്ച് ഭിന്നശേഷിക്കാർ കൂടുതൽ തുക സൊസൈറ്റിയിൽ നിക്ഷേപിച്ചു. എന്നാൽ, സൊസൈറ്റി പൂട്ടിപ്പോയതോടെ 43 ട്രെയിനികളുടെയും മൂന്ന് ജീവനക്കാരുടെയും ഉൾപ്പെടെ ഏകദേശം 20 ലക്ഷത്തോളം രൂപയാണ് കുടുങ്ങിക്കിടക്കുന്നത്. മുമ്പുണ്ടായിരുന്ന ജോയന്റ് രജിസ്ട്രാർക്കും പൊലീസിലും പലതവണ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് നേരിട്ടെത്തി പ്രതിഷേധിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
പ്രശ്നപരിഹാരത്തിനായി സെപ്റ്റംബറിൽ സിറ്റി വനിത കോഓപറേറ്റിവ് സൊസൈറ്റിയുടെ ഡെപ്പോസിറ്റർമാരുടെ പൊതുയോഗ തീരുമാനപ്രകാരം പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് നിലവിലെ ജോയന്റ് രജിസ്ട്രാർ കെ. ഷീജ അറിയിച്ചു. മുൻഗണനാടിസ്ഥാനത്തിൽ ഭിന്നശേഷിവ്യക്തികളുടെ തുക ആദ്യം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് ജോയന്റ് രജിസ്ട്രാർ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി.

