ടാഗോർ ഹാൾ പഴയകെട്ടിടം പൊളിച്ചുതുടങ്ങി വരുന്നു; 68 കോടിയുടെ സമുച്ചയം
text_fieldsപുതുതായി നിർമിക്കുന്ന ടാഗോർ ഹാളിന്റെ മാതൃക
കോഴിക്കോട്: അമ്പത് കൊല്ലംമുമ്പ് പണിത ടാഗോർ ഹാൾ നവീകരിക്കുന്നതിന്റെ മുന്നോടിയായി പൊളിച്ചു തുടങ്ങി. സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിന്റെ പുതിയ ആവശ്യത്തിനനുസരിച്ച് മൊത്തം 67,75,46,108 രൂപ ചെലവിൽ ആധുനിക ടാഗോർ ഹാൾ സമുച്ചയം പണിയാനുള്ള വിശദ പദ്ധതി രേഖയാണ് കോർപറേഷൻ അംഗീകരിച്ചത്. 1961ൽ ആവിഷ്കരിച്ച ഇപ്പോഴത്തെ ടാഗോർ ഹാൾ 1966ൽ പണിതുടങ്ങി 1971ലാണ് യാഥാർഥ്യമായത്.
1973 ഡിസംബറിലായിരുന്നു ഉദ്ഘാടനം. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ഭാഗമായാണ് ഹാൾ പണിതത്. 7.6 ലക്ഷം രൂപക്ക് കെട്ടിടം പൊളിക്കുന്ന നടപടിയാണ് ഇപ്പോൾ ആരംഭിച്ചത്. മേൽക്കൂര മുഴുവൻ ഏറക്കുറെ പൊളിച്ചു കഴിഞ്ഞു. മൂന്ന് മാസത്തിനകം കെട്ടിടം പൊളിച്ചുമാറ്റാനാണ് കരാർ. ഇതോടൊപ്പം തറക്കല്ലിടൽ ചടങ്ങ് നടക്കും. കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ നിന്ന് 49 കോടി വായ്പ വാങ്ങി കെട്ടിടം പണി തുടങ്ങാനാണ് ധാരണ.
പുതിയ ടാഗോറിൽ രണ്ട് ഹാൾ, മൂന്ന് തിയറ്റർ
പുസ്തക ഷോപ്പുകളും കോഫി ഹൗസുകളുമെല്ലാമുള്ള ചെറിയ തെരുവ് കൂടി ഉൾപ്പെടുന്നതാണ് പുതിയ ടാഗോർ ഹാൾ കോംപ്ലക്സ്. 2000 പേർക്ക് ഇരിക്കാവുന്ന മെയിൻഹാൾ, 150 പേർക്കെങ്കിലും ഇരിക്കാവുന്ന മിനിഹാൾ, ആധുനിക ദൃശ്യ സ്രാവ്യ സംവിധാനങ്ങൾ, ആധുനിക അടുക്കള, 500 ആൾക്ക് ഭക്ഷണം കഴിക്കാനുള്ള ഡൈനിങ്ങ്ഹാൾ, 130 പേർക്ക് വീതം ഇരിക്കാവുന്ന മൂന്ന് മൾട്ടിപ്ലക്സ് തിയറ്ററുകൾ, 150 വാഹനം നിർത്താവുന്ന പാർക്കിങ് സംവിധാനം, പൊതുജനങ്ങൾക്ക് പണം നൽകി പാർക്ക് ചെയ്യാനുള്ള സംവിധാനം, സംസ്കാരിക പ്രവർത്തകർക്കും തെരുവ് കലാകാരന്മാർക്കുമുള്ള 100 പേർക്കെങ്കിലും ഇരിക്കാവുന്ന ഓപൺ ആംഫി തിയറ്റർ, കവിതാ തെരുവ് തുടങ്ങിയവയെല്ലാമടങ്ങിയതാണ് പുതിയ സമുച്ചയം. മൂന്നുനില കെട്ടിടമാണ് പണിയുക. കാൽനടയാത്രക്ക് വിശാല സൗകര്യം സമുച്ചയത്തിലുണ്ടാവും. കോഴിക്കോട് ബീച്ചിനും വലിയങ്ങാടി, കുറ്റിച്ചിറ എന്നിവ പോലെ പൈതൃക മേഖലക്കടുത്ത് സംസ്കാരിക കേന്ദ്രമായാണ് പുതിയ സമുച്ചയത്തെ വിശദ പദ്ധതി രേഖയിൽ രൂപകൽപന ചെയ്തത്. ഡി-എർത്താണ് പദ്ധതിരേഖ തയാറാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.