റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ പൊളിച്ചുനീക്കൽ പുരോഗമിക്കുന്നു; പ്രവൃത്തി ഇന്നും തുടരും
text_fieldsറെയില്വേ സ്റ്റേഷനിലെ തകര്ന്നു വീണ ക്ലോക്ക് ടവറിന്റെ ബാക്കി ഭാഗം പൊളിച്ചു നീക്കുന്ന തൊഴിലാളികൾ
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ ഭാഗികമായി തകർന്ന ക്ലോക്ക് ടവർ പൊളിച്ചു നീക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പാലക്കാട് ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ക്ലോക്ക് ടവറിന്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ ഘട്ടം ഘട്ടമായി സുരക്ഷിതമായി പൊളിച്ചുനീക്കുന്നത്. സ്കാഫോൾഡിങ് (താത്കാലിക ഇരുമ്പ് താങ്ങ് സംവിധാനം) സ്ഥാപിച്ചാണ് കെട്ടിടം പൊളിച്ചു തുടങ്ങിയത്.
സുരക്ഷ മുൻ നിർത്തി പാളികളായി ചെത്തി നീക്കുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇഷ്ടികകൊണ്ടുള്ള കെട്ടിടം സുർക്കയും കുമ്മായവും ഉപയോഗിച്ചുള്ള മിശ്രിതത്താൽ നിർമിച്ചതാണ്. ടവറിന്റെ ശേഷിക്കുന്ന ഭാഗം അപകടം നടന്ന ദിവസം രാത്രിയിൽ വടം കെട്ടിയും യന്ത്രസഹായത്തോടെയും മറിച്ചിടാൻ ഫയർ ആൻഡ് റെസ്ക്യു, ആർ.പി.എഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജീവനക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ പുലർച്ച മുതൽ ഓരോ നിര കട്ടയും ഡ്രില്ലറുകൾ ഉപയോഗിച്ച് തൊഴിലാളികൾ പൊളിച്ചുമാറ്റാൻ തുടങ്ങിയത്. പൊളിച്ചുനീക്കൽ പ്രവൃത്തി ഇന്നും തുടരും.
ട്രെയിൻ സർവിസ് ഭാഗികമായി പുനഃസ്ഥാപിച്ചു
അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണമായും പുന:സ്ഥാപിക്കാനായില്ല. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ സാധിക്കാതെ വന്നതോടെയാണ് രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലൂടെയുള്ള റെയിൽവേ ഗതാഗതം പുർണമായി നിർത്തിവെച്ചത്. അതേസമയം അപകടത്തെ തുടർന്ന് ഗതാഗതം നിർത്തിവച്ച ഒന്നാം പ്ലാറ്റ്ഫോമിലൂടെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം ഇന്നലെ രാവിലെ മുതൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ടവർ പൊളിച്ചുമാറ്റി എൻജിനീയറിങ് വിഭാഗം ട്രാക്കിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാലേ രണ്ടും മൂന്നും ട്രാക്കുകളിലൂടെയുള്ള സർവിസ് പുന:രാരംഭിക്കാനാകൂ. രണ്ട്, മൂന്ന് ട്രാക്കുകളിൽ നിയന്ത്രണമേർപ്പെടുത്തിയതിനാൽ ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോം വഴിയും കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ നാലാം നമ്പർ പ്ലാറ്റ്ഫോം വഴിയുമാണ് കടത്തിവിട്ടത്. ട്രെയിനുകൾ വരുന്ന സമയത്ത് മാത്രം പൊളിച്ചുമാറ്റൽ നിർത്തിവെക്കുന്ന രീതിയാണ് നിലവിൽ സ്വീകരിച്ചത്.
എല്ലാ ദിവസവും രാവിലെ 9.20ന് രണ്ടാമത്തെ പ്ലാറ്റ്ഫോമിലെത്തി ഹാൾട്ട് ചെയ്തിരുന്ന കണ്ണൂർ - കോഴിക്കോട് എക്സ്പ്രസ് ഇന്നലെ വെസ്റ്റ്ഹില്ലിൽ യാത്ര അവസാനിപ്പിച്ചു. ഉച്ചക്ക് 2.16ന് ഇവിടെ നിന്നാണ് കണ്ണൂരിലേക്ക് യാത്ര ആരംഭിച്ചത്. കോഴിക്കോട് സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ സാധാരണ ഹാൾട്ട് ചെയ്തിരുന്ന ബംഗളുരു- കോഴിക്കോട് എക്സ്പ്രസ് കല്ലായിയിൽ സർവിസ് അവസാനിപ്പിച്ചു. കല്ലായിയിൽ നിന്നും പുറപ്പെട്ട് 3.30ന് കോഴിക്കോട് സ്റ്റേഷനിലെത്തി 3.35നാണ് യാത്ര ആരംഭിച്ചത്. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഉച്ചക്ക് ഒന്നോടെ എത്തിച്ചേർന്ന് രണ്ടോടെ തിരിച്ച് പുറപ്പെട്ടു.
രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ മാത്രം ട്രെയിനുകൾ കടത്തിവിട്ടതിനാൽ കല്ലായി, വെസ്റ്റ്ഹിൽ, എലത്തൂർ സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ട് ഗതാഗതം ക്രമീകരിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു പ്ലാറ്റ്ഫോമുകളിലേക്ക് മാത്രമായിരുന്നു യാത്രക്കാർക്കും പ്രവേശനമുണ്ടായിരുന്നത്. ഇതിനാൽ വലിയ തിരക്കായിരുന്നു റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ടത്. അതേസമയം രണ്ടും മൂന്നും ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തിവിടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ 11.10 ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ പൈതൃക സ്മാരകങ്ങളിലൊന്നായ ക്ലോക്ക് ടവർ ഭാഗികമായി തകർന്നത്. കെട്ടിടത്തിൽ മുമ്പ് തന്നെ വിള്ളലുകൾ കണ്ടതിനാലും സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി ഇത് പൊളിച്ചുനീക്കാൻ റെയിൽവേ നേരത്തെ നിശ്ചയിച്ചിരുന്നതിനാലും ആളുകളെ മുൻകൂട്ടി മാറ്റിയിരുന്നു. തന്മൂലം വലിയൊരു അപകടമാണ് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

