തൃശൂർ സ്വദേശിയുടെ മരണം; ദുരൂഹതയില്ലെന്ന് പൊലീസ്
text_fieldsകോഴിക്കോട്: നഗരത്തിൽ അരയിടത്തുപാലത്തിനുസമീപം കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു. തൃശൂർ സ്വദേശി പെരിഞ്ഞനം കണ്ടൻപറമ്പിൽ തങ്കരാജിന്റെ മകൻ കെ.ടി. രാജകുമാർ(50) ആണ് മരിച്ചതെന്ന് കേസന്വേഷിക്കുന്ന നടക്കാവ് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം.
ചോരയൊലിച്ച നിലയിൽ ഇദ്ദേഹത്തെ അരയിടത്തുപാലത്തിന് സമീപത്തെ കടവരാന്തയിലാണ് ആദ്യം കാണുന്നത്. ആദ്യം ആരും സഹായത്തിനെത്തിയില്ല. പിന്നീട് മൂന്നുപേർ ഓട്ടോയിൽ കയറ്റി അരയിടത്തുപാലത്തിനുതാഴെ ആളൊഴിഞ്ഞ ഭാഗത്ത് കിടത്തിപ്പോവുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപെട്ടതോടെ അരയിടത്തുപാലത്ത് ഗതാഗത നിയന്ത്രണ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മെഡിക്കൽ കോളജ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പൊലീസ് ആംബുലൻസിൽ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇദ്ദേഹം മരണപ്പെട്ടിരുന്നു. ഇതോടെയാണ് ദുരൂഹത പരന്നത്.
എന്നാൽ, മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് നടക്കാവ് എസ്.ഐ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു. മരിച്ചയാളുടെ ശരീരത്തിൽ എവിടെയും മുറിവുകളോ പരിക്കുകളോ ഇല്ല. ശനിയാഴ്ച പോസ്റ്റ്മോർട്ടം നടക്കും. ഇതിനുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
രാജ്കുമാർ ആദ്യം കിടന്ന കടവരാന്തയിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി വരുന്നതും മദ്യപിക്കുന്നതും കിടന്നുറങ്ങുന്നതും പിന്നീട് രക്തം ഛർദിക്കുന്നതുമെല്ലാം വ്യക്തമാണ്. മൂന്നുപേർ വന്ന് ഓട്ടോയിൽ ആളുകൾ പൊതുവെ ഇല്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇദ്ദേഹം കുറെ കാലമായി നഗരത്തിൽ തന്നെ കഴിയുകയാണെന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

