കുറ്റിക്കാട്ടൂരിൽ വൈദ്യുതാഘാതമേറ്റ് മരണം; നീതി തേടി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിന്
text_fieldsകോഴിക്കോട്: കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ കടവരാന്തയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് നീതി തേടി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി 30ന് രാവിലെ 10.30ന് കോഴിക്കോട് വൈദ്യുതി ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് റിജാസ് കുടുംബ സഹായ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇക്കഴിഞ്ഞ 20നാണ് തകരാറിലായ സ്കൂട്ടർ കടവരാന്തയിലേക്ക് മാറ്റിവെക്കുമ്പോൾ കെട്ടിടത്തിന്റെ ഇരുമ്പ് തൂണിൽനിന്ന് വൈദ്യുതാഘാതമേറ്റ് പൂവാട്ടുപറമ്പ് ആനകുഴിക്കര സ്വദേശി എരഞ്ഞിക്കൽതാഴം പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ റിജാസ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ആക്ഷൻ കമ്മിറ്റി ആരോപിച്ചു.
അപകടത്തിന് ഉത്തരവാദികളായ കെ.എസ്.ഇ.ബി ജീവനക്കാരെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണം. പൊലീസിന്റെയും കെ.എസ്.ഇ.ബിയുടെയും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ദുർബലമാണ്. കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും റിജാസിന്റെ ആശ്രിതരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുകയും കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ദിനേശ് പെരുമണ്ണ, കൺവീനർ എം.സി. സൈനുദ്ദീൻ, ട്രഷററും വാർഡ് മെംബറുമായ പി. ഷാഹിന സലാം, സഹ ഭാരവാഹികളായ കെ. രാധാകൃഷ്ണൻ അഡ്വ. സി.വി. ആദിൽ അലി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ റിജാസിന്റെ സഹോദരൻ മുഹമ്മദ് റാഫി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കെട്ടിടത്തിന്റെ തൂണിൽ വൈദ്യുതി പ്രവാഹം ഉള്ളതായി ഉടമയും നാട്ടുകാരും നിരവധി തവണ കെ.എസ്.ഇ.ബിയിൽ രേഖാമൂലം പരാതി നൽകിയിട്ടും കെ.എസ്.ഇ.ബി ഇത് തടയാൻ നടപടി സ്വീകരിച്ചിരുന്നില്ല.
കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. പ്ലസ് ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുകയായിരുന്ന റിജാസ് ഹോട്ടലിൽ ജോലി കഴിഞ്ഞ് മടങ്ങിവരവേയാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

