ദയാപുരം സ്കൂൾ കംപാഷനേറ്റ് കെയർ കോഴ്സിന് സമാപനം
text_fieldsകോഴിക്കോട്: കാരുണ്യ പ്രവർത്തനങ്ങൾ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ച ശേഷം ചെയ്യേണ്ടതല്ലെന്നും കുട്ടിക്കാലത്തു തന്നെ വിദ്യാർഥികൾക്ക് കംപാഷനേറ്റ് കെയറിൽ പരിശീലനം നൽകിയാൽ ഓരോ വീട്ടിലും സന്നദ്ധപ്രവർത്തകർ ഉണ്ടാവുമെന്നും അട്ടപ്പാടി എ.പി.ജെ അബ്ദുൽ കലാം സ്കൂൾ സ്ഥാപക ഉമാ പ്രേമൻ. കോഴിക്കോട് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി ചേർന്ന് ദയാപുരം സ്കൂള്‍ ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി നടത്തിയ കംപാഷനേറ്റ് കെയർ കോഴ്സിന്റെ ഒന്നാം വർഷ സമാപന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
കരുണാർദ്രമായ ഒരു ലോകത്തിന്റെ നിർമ്മാണത്തിന് കുട്ടികളിൽ നിസ്വാർഥകയുടെ പാഠങ്ങളും ഉണ്ടാവേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞ് സ്കൂൾതലത്തിൽ തന്നെ ഐ.പി.എം പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ആദ്യം മുന്നോട്ടു വന്ന സ്കൂളാണ് ദയാപുരമെന്നത് വളരെ സന്തോഷകരമാണെന്ന് ഐ.പി.എം ഡയറക്ടർ ഡോ. സുരേഷ് കുമാർ പറഞ്ഞു.
കുട്ടികളിൽ ദയയുടെ ആവശ്യവും സാമൂഹികബോധവും സംവേദനക്ഷമതയും വളർത്തുന്ന സെഷനുകളിലൂടെയും പാലിയേറ്റിവ് കെയർ പ്രായോഗിക പാഠങ്ങളിലൂടെയുമാണ് കോഴ്സ് ആവിഷ്കരിച്ചതെന്നും വാർധക്യമോ രോഗമോ കൊണ്ട് കഷ്ടപ്പെടുന്നവരെ പരിചരിക്കാനുള്ള മനോഭാവവും കഴിവും വളർത്തലാണ് ലക്ഷ്യമെന്നും പ്രൊജക്റ്റ് ലീഡറും സ്‌കീമിന്‍റെ സങ്കൽപകനുമായ സി.ടി. ആദിൽ പറഞ്ഞു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. നദീറ, ആറാം ക്ലാസ് വിദ്യാർഥി ദേവനന്ദയുടെ മുത്തശ്ശി എ.സി. ബിന്ദു എന്നിവർ സംസാരിച്ചു. കംപാഷനേറ്റ് കെയർ കോഴ്സ് ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും അനുഭവങ്ങളും കുട്ടികള്‍ പങ്കുവച്ചു. അഥിതികള്‍ക്ക് ഡെപ്യൂട്ടി ഡയറക്ടർ ടി.ജി.വി ഏബ്രഹാം ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രിൻസിപ്പൽ പി. ജ്യോതി സ്വാഗതവും സ്കൂള്‍ പാർലമെന്‍റ് ഹ്യൂമണ്‍ റിസോഴ്സ് മിനിസ്റ്റർ മലീഹ മുംതസ് കെ.വി നന്ദിയും പറഞ്ഞു. എ.പി.ജെ അബ്ദുൽ കലാം ട്രൈബൽ സ്കൂള്‍ വിദ്യാർഥികള്‍ ട്രൈബല്‍ നൃത്തം, വാദ്യോപകരണസംഗീതം, മൈം എന്നിവ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

