ശ്രീരാമന്റെ ജീവിതത്തിൽ ഇരുട്ട്
text_fieldsകോഴിക്കോട്: ‘‘ഞാനും കരയാൻ തുടങ്ങിയാൽ പിന്നെ എന്താകും. സഹിക്കാൻ പറ്റുന്നതൊന്നുമല്ല ഇത്. എങ്ങനെ സഹിക്കുന്നെന്ന് എനിക്കും അറിയില്ല. മര്യാദക്ക് വെള്ളം കുടിച്ചിട്ട് ദിവസങ്ങളായി. ഞാൻ കൈകൊണ്ട് വിളമ്പുന്ന ഭക്ഷണം കഴിക്കുന്ന ആള് കഴിക്കാതിരിക്കുമ്പോൾ ഞാനെങ്ങനെയാ കഴിക്കാ’’ -42 വർഷമായി കഥയുടെ കുലപതി എം.ടി. വാസുദേവൻ നായരെ നിഴൽപോലെ പിന്തുടർന്ന ശ്രീരാമന്റെ ഇടറിയ വാക്കുകൾ ഏറെ അടുത്തുപോയ ബന്ധത്തിന്റെ കണ്ണിയറ്റ പ്രകമ്പനമായിരുന്നു.
ഞാൻ ജീവിതത്തിൽ പഠിച്ചു; ഇങ്ങനെയൊന്നും ഇനി ആരുമായി അടുക്കരുതെന്ന്. അതു താങ്ങാനാവില്ല. ആരെയും അറിയിക്കാതെ മൂന്നാലു തവണയായി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. കുറച്ചു ദിവസം കഴിയുമ്പോൾ തിരിച്ചുപോരും. അദ്ദേഹത്തിന്റെ ഇഷ്ടത്തിനാണ് പോക്കും വരവും.
ഇത്തവണയും അതുപോലെയാ പ്രതീക്ഷിച്ചത്. പക്ഷേ, നടന്നില്ല. ശ്വാസം കിട്ടുന്നില്ലാന്ന് പറഞ്ഞപ്പോൾ ഡോക്ടറെ വിളിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ വിഡിയോയിൽ പകർത്തി ഡോക്ടർക്ക് അയച്ചുകൊടുത്തു. ഉടൻ എത്തിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് പോയത്.
ഓരോ ദിവസം കഴിയുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അവസാനം എന്തോ പറയാനുണ്ടെന്ന് പറഞ്ഞു സിസ്റ്റർ എന്നെ അകത്തേക്കു വിളിപ്പിച്ചു. സിങ്കിങ്ങാണെന്ന് ഡോക്ടർ മോണിറ്ററിലേക്ക് നോക്കി പറഞ്ഞു. ഹൊ... അതുപോലെയായി. എല്ലാം പോയി. ഒരിടത്തും ഞാൻ കയറിപ്പോയിട്ടില്ല. ഒരു ഫോട്ടോക്കുപോലും നിന്നുകൊടുത്തിട്ടുമില്ല.
അദ്ദേഹത്തിനെ വേദനിപ്പിക്കുന്നതൊന്നും ഇതുവരെ ചെയ്തിട്ടുമില്ല. അവസാനകാലത്ത് ഒരു വലിയ പ്രതിസന്ധി ഉണ്ടായിരുന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഞാനിവിടെയുണ്ട്, താൻ ഒന്നുകൊണ്ടും പേടിക്കണ്ട എന്നാണ്. എനിക്കും അത് ഉറപ്പായിരുന്നു. എനിക്ക് ക്ലീൻചിറ്റ് ആവശ്യമായിരുന്നു. അത് അതുപോലെതന്നെയായി.
അദ്ദേഹത്തിനും സന്തോഷമായി -നിശ്ശബ്ദതയോടെ എല്ലാറ്റിനും സാക്ഷിയായി സിതാരയിലെ ‘സൂര്യനൊപ്പം’ കഴിഞ്ഞ ശ്രീരാമന്റെ ജീവിതത്തിൽ പക്ഷേ, ഇപ്പോൾ ഇരുട്ട് പരക്കുകയാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

