അപകടകരമായ തണൽ മരവും തുലാവർഷവും നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു
text_fieldsകോഴിക്കോട്- ബാലുശേരി റോഡിൽ നന്മണ്ട ഹൈസ്കൂളിനടുത്തെ തണൽമരം
നന്മണ്ട: അപകടകരമായ തണൽ മരങ്ങൾ ഇനിയും മുറിച്ചുമാറ്റിയില്ല. കോഴിക്കോട്- ബാലുശ്ശേരി റൂട്ടിൽ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ തണൽ മരങ്ങളാണ് കടപുഴകി വീഴാൻ പരുവത്തിൽ നിൽക്കുന്നത്. വിദ്യാർഥികളും വ്യാപാരികളും ഭീതിയുടെ നിഴലിലാണ്. അഞ്ചു വർഷം മുമ്പ് ഒരു കാലവർഷത്തിൽ തണൽമരം കടപുഴകി വീണ ദാരുണ രംഗം അവരുടെ മനസ്സിൽ ഇന്നുമുണ്ട്.
വിദ്യാർഥികൾ സ്കൂൾ വിട്ട് വീട്ടിലെത്തുന്നതുവരെ രക്ഷിതാക്കൾക്ക് നെഞ്ചിടിപ്പാണ്. തണൽമരം 11000 കെ.വി. ലൈനിനും ഭീഷണിയാണ്. വരാൻ പോകുന്ന തുലാവർഷം നാട്ടുകാരുടെ ആധി വർധിപ്പിക്കുന്നു. തണൽമരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഹൈസ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ടി.എം. സുരേഷ് പഞ്ചായത്ത് അധികൃതർക്കും മരാമത്ത് വകുപ്പിനും പരാതി നൽകിയിരുന്നു. ഗ്രാമസഭയിലും വിഷയം ഉന്നയിച്ചു.
എന്നാൽ, അനുകൂല നിലപാടല്ല അധികൃതർ സ്വീകരിച്ചതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. തൊട്ടടുത്ത നരിക്കുനി റോഡിൽ ഒരു അധ്യാപകന്റെ ദാരുണാന്ത്യമുണ്ടായതും തണൽ മരമാണെന്നിരിക്കെ അന്ന് നാട്ടുകാർ നന്മണ്ട ഹൈസ്കൂളിനടുത്തെ തണൽമരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ടതായിരുന്നു.
ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഓടിവരുകയും നാട്ടുകാരുടെ പ്രതിഷേധം കനക്കുമ്പോൾ സമാശ്വാസ വാക്കുകൾ പറഞ്ഞ് മുഖം രക്ഷിക്കുന്ന അധികൃതർ ഇനിയെങ്കിലും അപകടകരമായ തണൽമരം മുറിച്ചുമാറ്റി യാത്രക്കാർക്കും വ്യാപാരികൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

