കരുതിയിരിക്കുക, കള്ളൻ നിങ്ങളുടെ കീശയിലുണ്ട്...
text_fieldsകോഴിക്കോട്: കരുതിയിരുന്നില്ലെങ്കിൽ കീശയിൽ കിടക്കുന്ന മൊബൈൽ ഫോൺ തന്നെ നിങ്ങളുടെ കാശുമായി കടന്നുകളഞ്ഞേക്കാം... ഒരു കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉണ്ടെങ്കിൽ വീട്ടിലിരുന്ന് മാസം പതിനായിരങ്ങൾ വരുമാനമുണ്ടാക്കാമെന്ന മോഹനവാഗ്ദാനവുമായി നിങ്ങൾക്കൊരു കോൾ വരികയാണെങ്കിൽ ഉറപ്പിച്ചോളൂ അതിന് പിന്നിൽ ഒരു തട്ടിപ്പുകാരനുണ്ട്. പാർട്ട്ടൈം ജോലിയെന്നോ, ഷെയർ ട്രേഡിങ്ങെന്നോ പറഞ്ഞ് കോൾ വന്നാൽ സൂക്ഷിക്കുക. ചതിയിലേക്കുള്ള വഴിയായിരിക്കും അത്. സൈബർ തട്ടിപ്പ് ഓരോ ദിവസവും കുതിച്ചുയരുന്നുവെന്ന് പൊലീസ് തരുന്ന മുന്നറിയിപ്പാണിത്...
ജൂലൈ മാസത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത സൈബർ കേസുകളിൽ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കോഴിക്കോട് സിറ്റി സൈബർ ക്രൈം വിഭാഗം അറിയിക്കുന്നു. ബിസിനസുകാരും ഡോക്ടർമാരും എൻജിനീയർമാരും ഐ.ടി പ്രഫഷനലുകളും വീട്ടമ്മമാരും വിദ്യാർഥികളും റിട്ട. ഉദ്യോഗസ്ഥരുമെല്ലാം ചതിക്കുഴികളിൽ വീഴുന്നുണ്ട്. വൻതുക നഷ്ടമായ പരാതികളിൽ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. പതിനായിരങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്. വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന മോഹന വാഗ്ദാനങ്ങളുമായി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്ട്സ് ആപിലും വരുന്ന പരസ്യങ്ങളിൽ കുരുങ്ങിയാണ് പലരും തട്ടിപ്പിൽ പെടുന്നത്.
- രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ
- വാട്സ് ആപിലൂടെ നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്ത് ആദ്യം മെസേജ് വരുന്നു. തുടർന്ന് ടെലഗ്രാമിലൂടെ ഡിജിറ്റൽ കറൻസി വ്യാപാരം നടത്താൻ ആവശ്യപ്പെടുകയും അവർ നൽകുന്ന അക്കൗണ്ടിലേക്ക് പല തവണകളായി പണമയക്കാൻ ആവശ്യപ്പെടുകയും ചെയ്യും (നാല് ലക്ഷത്തോളം രൂപയാണ് കോഴിക്കോട് സിറ്റിയിൽ മാത്രം ഇങ്ങനെ തട്ടിയതായി പരാതി വന്നത്).
- വിമാന ടിക്കറ്റ് ആവശ്യപ്പെട്ട് വിളിച്ച കോളുകളിലൂടെ ചില ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് ഇരയായത്. ടിക്കറ്റിന്റെ പണം എൻ.ഇ.എഫ്.ടി വഴി അയച്ചുവെന്ന് പറഞ്ഞ് ബാങ്കിന്റെ വ്യാജമായ പേയ്മെന്റ് സ്ലിപ്പ് വാട്ട്സ് ആപ് മുഖാന്തരം അയച്ചുകൊടുക്കുന്നു. തുടർന്ന് പണം അക്കൗണ്ടിൽ നിക്ഷേപിക്കാതെ ടിക്കറ്റ് കൈക്കലാക്കി ട്രാവൽ ഏജൻസികളെ വഞ്ചിച്ചെന്നാണ് മറ്റൊരു പരാതി.
- 40 ലക്ഷത്തോളം രൂപ നഷ്ടമായ ഡോക്ടറുടേതാണ് ഒരു പ്രധാന പരാതി. ഇൻഡീഡ്, നൗകരി.കോം, ലിങ്ക്ടിൻ തുടങ്ങിയ സൈറ്റുകളിൽ രജിസ്റ്റർ ചെയ്തതിന്റെ ഭാഗമാണെന്ന് പറഞ്ഞ് കോൾ വന്നു. തുടർന്ന് യൂട്യൂബ് ചാനലുകൾ ലൈക് ചെയ്തും സബ്സ്ക്രൈബ് ചെയ്തും വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് ഒരു ലിങ്ക് അയച്ചുകൊടുത്തു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ടെലഗ്രാം അക്കൗണ്ടാണ് ഓപൺ ആവുക. അതിലൂടെ ബാങ്ക് വിവരങ്ങൾ പങ്കുവെക്കാനാവശ്യപ്പെട്ടു. വൈകാതെ ചെറിയ തുക ഈ അക്കൗണ്ടിലെത്തി. തുടർന്ന് മറ്റൊരു ടെലഗ്രാം ഗ്രൂപിലേക്ക് ചേർക്കുകയും വെബ്സൈറ്റ് രജിസ്റ്റർ ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്തു. രജിസ്റ്റർ ചെയ്ത ശേഷം ടാസ്കുകൾ നൽകുകയും അത് പൂർത്തിയാക്കിയപ്പോൾ 50,000 രൂപ ലഭിക്കുകയും ചെയ്തു. ഇതോടെ വിശ്വാസ്യത വർധിച്ചു. തുടർന്ന് പലപ്പോഴായി ടാസ്കിൽ നിന്ന് മാറി ഷെയർ ട്രേഡിങ്ങിലേക്ക് മാറുകയും പണമിടപാടുകൾ നടത്തുകയുമുണ്ടായി. ഡോക്ടറുടെ പേരിൽ ക്രെഡിറ്റാകുന്ന തുക വെർച്വൽ അക്കൗണ്ടിലൂടെ കാണിക്കുന്നുണ്ടായിരുന്നു. വീണ്ടും 40 ലക്ഷം രൂപ ട്രേഡിങ്ങിൽ നിക്ഷേപിച്ചു. അതിന്റെ ലാഭവും ചേർത്ത് 60 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ടാക്സ് വീണ്ടും 20 ലക്ഷം കൂടി ആവശ്യപ്പെട്ടത്. താൻ തട്ടിപ്പിനിരയായെന്ന് അപ്പോഴാണ് ഇദ്ദേഹം മനസ്സിലാക്കുന്നത്. ഈ കേസും പൊലീസ് അന്വേഷിക്കുന്നു.
- സമാനമായ സ്വഭാവത്തിൽ ഒട്ടേറെ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. മിക്കതും പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്താണ് ആളുകളെ കുരുക്കുന്നത്.
- ഡിജിറ്റൽ കറൻസിയെക്കുറിച്ചും വിവിധ ട്രേഡിങ്ങ് പ്ലാറ്റുഫോമുകളെക്കുറിച്ചുമുള്ള അജ്ഞത മുതലെടുത്താണ് തട്ടിപ്പുകൾ നടത്തുന്നത്. സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന തെറ്റായ വിവരങ്ങൾ പിന്തുടരുന്നതും സോഷ്യൽ മീഡിയ പ്രൊമോഷനുകളിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ശ്രമങ്ങളും സൈബർ ക്രിമിനലുകൾ മുതലെടുക്കുന്നുവെന്ന് പൊലീസ് പറയുന്നു.
- നിർമിതബുദ്ധി ഉപയോഗിച്ച് അടുത്തിടെ നടന്ന തട്ടിപ്പ് ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

