തിരക്കോട് തിരക്ക്; സ്പെഷ്യൽ സർവിസുകൾ അനുവദിച്ചില്ല, വലഞ്ഞ് യാത്രക്കാർ
text_fieldsകോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്പ്രസിൽ കയറാനെത്തിയവരുടെ തിരക്ക് – ബിമൽ തമ്പി
കോഴിക്കോട്: അവധിക്കാലവും പെരുന്നാൾ തിരക്കും കണക്കിലെടുത്ത് റെയിൽവേയും കെ.എസ്.ആർ.ടി.സിയും അധിക സർവിസുകൾ ഏർപ്പെടുത്താത്തത് യാത്രക്കാരെ വലച്ചു. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്രകൂടിയായതോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും കഴിഞ്ഞദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ട്രെയിനുകളിലും ബസുകളിലും കയറിപ്പറ്റാൻ യാത്രക്കാർ ഏറെ പാടുപെട്ടു. ജില്ലക്ക് പുറത്തും ഇതര സംസ്ഥാനങ്ങളിലും താമസിച്ചു പഠിക്കുന്നവരും ജോലി ചെയ്യുന്നവരും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ടതും വിദ്യാർഥികൾ മധ്യവേനൽ അവധിയിൽ നാട്ടിലേക്കു മടങ്ങുന്നതും കാരണം വൻ തിരക്കായിരുന്നു ട്രെയിനുകളിലും ബസുകളിലും. ബുക്ക് ചെയ്യാൻ വൈകിയവർ സീറ്റ് കിട്ടാതെ പ്രയാസപ്പെട്ടു. വരും ദിവസങ്ങളിലും കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകളിൽ ടിക്കറ്റ് ബുക്കിങ് പൂർത്തിയായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ബംഗളൂരുവിലേക്ക് കോഴിക്കോട്നിന്ന് ആവശ്യത്തിന് ട്രെയിനുകളില്ലാത്തതിനാൽ ഭൂരിഭാഗം പേരും സ്വകാര്യ ബസുകളെയാണ് യാത്രക്ക് ആശ്രയിക്കുന്നത്. സീസൺ മുൻകൂട്ടി കണ്ട് സ്വകാര്യ ഏജൻസികൾ അമിത ചാർജും ഈടാക്കിയിട്ടുണ്ട്. ഉത്സവ സീസണുകളിലും അവധിക്കാലങ്ങളിലും മലബാർ മേഖലയിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിക്കമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇത്തവണയും സ്പെഷൽ െട്രയിനുകൾ അനുവദിച്ചിട്ടില്ല. വിവിധ ട്രെയിനുകളിൽ ആറ് കോച്ചുകൾ മാത്രമാണ് പാലക്കാട് ഡിവിഷനിൽ അനുവദിച്ചത്. ഇതു യാത്ര പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ല. ബസുകളും ആവശ്യത്തിന് ജീവനക്കാരും ഇല്ലെന്ന് പറഞ്ഞ് സ്പെഷൽ സർവിസ് ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സിയും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

