ലോക്കൽ സെക്രട്ടറിമാർ വേട്ടയാടുന്നെന്ന് സി.പി.എം മാവൂർ പഞ്ചായത്തംഗം; രാജിവെക്കില്ലെന്ന് കെ. ഉണ്ണികൃഷ്ണൻ
text_fieldsകോഴിക്കോട്: സി.പി.എം ലോക്കൽ സെക്രട്ടറിമാർ തന്നെ വേട്ടയാടുകയാണെന്ന ആരോപണവുമായി ലോക്കൽ കമ്മിറ്റി മുൻ അംഗവും മാവൂർ ഗ്രാമപഞ്ചായത്തംഗവുമായ കെ. ഉണ്ണികൃഷ്ണൻ. 2022ൽ പോക്സോ കേസ് പ്രതിയായതിനെ തുടർന്ന് ജയിലിലായിരുന്ന തന്നെ ആ പേരുപറഞ്ഞ് ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും സി.പി.എം മാവൂർ ലോക്കൽ സെക്രട്ടറി ഇ.എൻ. പ്രേമനാഥും കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി സുരേഷ് പുതുക്കുടിയുമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മാവൂർ സർവിസ് സഹകരണ ബാങ്കിൽ ഒമ്പത് വർഷമായി താൽക്കാലിക ജോലിക്കാരനായിരുന്ന തന്നെ പോക്സോ കേസിന്റെ പേരിൽ പിരിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് പുതിയൊരു ആരോപണം തനിക്കെതിരെ കെട്ടിച്ചമച്ചിരിക്കുന്നത്. ഛർദി വന്ന് അവശനിലയിലായ തന്റെ സുഹൃത്തിന് പ്രാഥമിക ശുശ്രൂഷ നൽകാനായി കാറിൽ കയറ്റിയതിനെ ലൈംഗിക ചൂഷണമായി വ്യാഖ്യാനിച്ച് ഇതിന്റെ വിഡിയോയെടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ചിലർ.
ഇതിനാൽ സോഷ്യൽ മീഡിയയിലൂടെ വലിയ വേട്ടയാടലാണ് നടക്കുന്നത്. ഇതിന്റെ പേരിൽ ലോക്കൽ സെക്രട്ടറിമാർ പാർട്ടി ഓഫിസിലേക്ക് വിളിച്ചുവരുത്തി ബലമായി രാജിക്കത്ത് ആവശ്യപ്പെട്ടു. തനിക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻപോലും നേതാക്കൾ തയാറായില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. തന്റെ വിശദീകരണം കേൾക്കാൻ പാർട്ടി തയാറാകാത്തതിനാലാണ് ചൊവ്വാഴ്ച വൈകീട്ട് മാവൂർ അങ്ങാടിയിൽ കുടുംബത്തോടൊപ്പം വിശദീകരണത്തിന് തയാറായതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. മാവൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ പ്രതിനിധിയാണ് നിലവിൽ ഉണ്ണികൃഷ്ണൻ. ഭാര്യ സിജിതയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
രാജിവെക്കില്ലെന്ന് കെ. ഉണ്ണികൃഷ്ണൻ; മാവൂരിൽ വിശദീകരണയോഗം നടത്തി
മാവൂർ: ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കില്ലെന്ന് 15ാം വാർഡ് അംഗം കെ. ഉണ്ണികൃഷ്ണൻ. പാർട്ടിയിലെ ചില നേതാക്കൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും അദ്ദേഹം മാവൂരിൽ നടത്തിയ വിശദീകരണയോഗത്തിൽ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെതുടർന്ന് വിവാദത്തിലായ സാഹചര്യത്തിൽ യാഥാർഥ്യം വിശദീകരിക്കാനെന്ന പേരിലായിരുന്നു കുടുംബസമേതം വിശദീകരണയോഗം നടത്തിയത്. കഴിഞ്ഞ ദിവസം നിർബന്ധപൂർവം രാജി ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്നും ഇത് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കാത്ത സ്ഥിതിക്ക് ഇനി രാജിവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നോട് രാജി ആവശ്യപ്പെടാൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർക്ക് അവകാശമില്ല. സി.പി.എം പ്രവർത്തകനായിതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി മൈക്ക് പെർമിഷൻ തടഞ്ഞതിനെതുടർന്ന് ചെറിയ ശബ്ദസംവിധാനമാണ് യോഗത്തിന് ഉപയോഗിച്ചത്. ശക്തമായ പൊലീസ് സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

