കോഴിക്കാട് മെഡിക്കൽകോളജിൽ കോവിഡ് മരണം യഥാസമയം റിപ്പോർട്ട് ചെയ്യുന്നില്ല; സംസ്കാര നടപടികൾ ഏകോപിപ്പിക്കാൻ സംഘം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ കോവിഡ് മൂലം മരിക്കുന്നവരുടെ വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കോർപറേഷൻ ഹെൽത്ത് വിഭാഗത്തിന് പരാതി. മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കുന്നതിന് ഇതുകാരണം പ്രായോഗിക പ്രയാസങ്ങൾ അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം കോർപറേഷൻ മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരാതി ഉയർന്നു. ദിവസേന മുപ്പതിലധികം രോഗികൾ മെഡിക്കൽ കോളജിൽ കോവിഡ് മൂലം മരിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്ക് വേറെയുമുണ്ട്.
മൃതദേഹങ്ങൾ വിട്ടുെകാടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. അതേസമയം, മോർച്ചറിയിൽ കഴിഞ്ഞ ദിവസം മൃതദേഹം മാറിപ്പോയ ഗൗരവതരമായ സംഭവംപോലും അനാസ്ഥയുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുന്ദമംഗലം സ്വദേശി പുരുഷെൻറ മൃതദേഹത്തിനുപകരം കക്കോടി സ്വദേശിനിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് ൈകമാറിയത്. കോവിഡ് മരണമായതിനാൽ ബന്ധുക്കൾ ഏറ്റുവാങ്ങി കുന്ദമംഗലത്തെ ശ്മശാനത്തിൽ സംസ്കരിച്ച ശേഷമാണ് മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടത്ര സൂക്ഷ്മത അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടതുണ്ട്. മൃതദേഹം ഏറ്റുവാങ്ങുന്നത് സംബന്ധിച്ച നടപടികളുടെ ഏകോപനത്തിന് ഒരു ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്താൻ കഴിഞ്ഞ ദിവസം മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
സംഘത്തിന് സഞ്ചരിക്കാൻ പ്രത്യേക വാഹനവും ഫോണും നൽകും. വാട്സ്ആപ് ഗ്രൂപ്പും ഇതിനായി ഉണ്ടാക്കും. 'ബോഡി മാനേജ്മെൻറിന്' തയാറായി വരുന്ന വളൻറിയർമാരെ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കും.പഞ്ചായത്തുകളിൽ നിന്നുള്ളവരുടെ മൃതദേഹം സംസ്കരിക്കാൻ അതത് പഞ്ചായത്തിെൻറ ആരോഗ്യപ്രവർത്തകർ നിർബന്ധമായും ഉണ്ടാവണം. കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ളവർ കോവിഡ് ബാധിച്ച് മരിച്ചാൽ മാവൂർറോഡിലെ വൈദ്യുതി-ഗ്യാസ് ശ്മശാനത്തിൽ സൗജന്യമായി സംസ്കരിക്കും. അതേസമയം, വെസ്റ്റ്ഹിൽ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ അയ്യായിരം രൂപ ഇൗടാക്കുന്നുവെന്ന പരാതിയിൽ കോർപറേഷൻ നടപടി എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

