വീട് സ്വപ്നമല്ല, ഒരുക്കാൻ കോർപറേഷനുണ്ട് കൂടെ; പാർപ്പിട പദ്ധതികൾക്ക് 26 കോടി നീക്കിവെക്കാൻ കോർപറേഷൻ
text_fieldsകോഴിക്കോട്: കോർപറേഷൻ 2025-26 വാർഷിക പദ്ധതി ഭേദഗതിയിൽ പാർപ്പിട പദ്ധതികൾക്ക് 26 കോടി രൂപ നീക്കിവെക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. മൊത്തം പദ്ധതി ഫണ്ടിൽ 20 ശതമാനമാണ് പാർപ്പിട പദ്ധതിക്ക് മാറ്റിവെച്ചത്. വിവിധ സ്ഥിരം സമിതികൾ ശിപാർശ ചെയ്ത ഭേദഗതികളോടെ തയാറാക്കിയ പട്ടികയിൽ 108 പദ്ധതികളുണ്ട്. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഭേദഗതി പാസാക്കിയത്.
റോഡ് നിർമാണം, നടപ്പാത നവീകരണം, മഹിള മന്ദിരം അറ്റകുറ്റപ്പണികൾ, അംഗൻവാടി നവീകരണം, ഓവുചാൽ നിർമാണം തുടങ്ങിയവയാണ് പുതിയ പദ്ധതികൾ. നേരത്തെ അംഗീകരിച്ച 59 പദ്ധതികൾക്ക് ഭേദഗതി വരുത്തി. സർക്കാർ എൽ.പി, യു.പി സ്കൂളുകളിലെ പാർക്ക് നിർമാണം, പട്ടാളപ്പള്ളി-എൽ.ഐ.സി റോഡ് നവീകരണം, പാർക്കിങ്, സീബ്രാലൈൻ മാർക്കിങ്, ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ മേൽക്കുര നിർമാണം, ജങ്ഷൻ സൗന്ദര്യവത്കരണം തുടങ്ങി പദ്ധതികളാണ് ഭേദഗതികളോടെ നടപ്പാക്കുന്നത്.
അതേസമയം, യുവതി- യുവാക്കൾക്കുള്ള സ്വയംതൊഴിൽ സംരംഭ പദ്ധതിയായ വി ലിഫ്റ്റുൾപ്പെടെ 11 പദ്ധതികൾ വാർഷിക പദ്ധതിയിൽനിന്ന് ഒഴിവാക്കി. ഇതിൽ പല പദ്ധതികൾക്കായി അനുവദിച്ച തുകയും മറ്റു പദ്ധതികളിലേക്ക് മാറ്റിയിട്ടുണ്ട്. വാർഷിക പദ്ധതി ഭേദഗതിയിൻമേലയുള്ള ചർച്ചയിൽ എം.സി. അനിൽകുമാർ, ഒ. സദാശിവൻ, കെ.ടി. സുഷാജ്, സി.പി. സുലൈമാൻ എന്നിവരും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത, കെ. മൊയ്തീൻകോയ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പി. ദിവാകരൻ, പി.സി. രാജൻ, കൃഷ്ണകുമാരി എന്നിവർ മറുപടി നൽകി. കോർപറേഷനിലെ 75 വാർഡുകളിലെയും ഗുണഭോക്തൃ പട്ടികയും കൗൺസിൽ അംഗീകരിച്ചു.
അമൃത് മിത്ര ഗ്രീൻസ്പേസ് പദ്ധതിക്ക് സ്ഥലം കണ്ടെത്താൻ നിർദേശം
അമൃത് മിത്ര പദ്ധതി പ്രകാരം വാർഡുകളിൽ അഞ്ച് സെന്റ് സ്ഥലം കണ്ടെത്തി വൃക്ഷെത്തെകകൾ നട്ട് ഗ്രീൻസ്പേസ് ഒരുക്കുന്നതിന് കൗൺസിലർമാർക്ക് നിർദേശം നൽകി. ഇതിനുള്ള ഫണ്ട് പദ്ധതി പ്രകാരം ലഭിക്കുമെന്ന് ഡെപ്യൂട്ടി മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

