കോർപറേഷൻ സ്റ്റേഡിയം ഫുട്ബാൾ അസോസിയേഷന് കൈമാറി
text_fieldsകോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം കൈമാറ്റ ചടങ്ങിനെത്തിയ കെ.എഫ്.എ സെക്രട്ടറി ഷാജി സി. കുര്യനും ഇന്ത്യൻ സൂപ്പർ ക്രോസ് കോഓഡിനേറ്റർ മുർഷിദും മൈതാനം
പരിശോധിക്കുന്നു
കോഴിക്കോട്: വിവാദങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗ് നടന്ന കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം കേരള ഫുട്ബാൾ അസോസിയേഷന് കൈമാറി. സ്റ്റേഡിയം പഴയ നിലയിലാക്കിയതായി വി.കെ.എം ഡെവലപ്പേഴ്സ് ആൻഡ് സ്പോർട്സ് ഇൻഫ്ര സർട്ടിഫൈ ചെയ്തിട്ടുണ്ട്. മൈതാനത്തിന്റെ നിരപ്പും മൃദുത്വവും നഷ്ടപ്പെട്ടതായ ആരോപണം നിലനിൽക്കെയാണ് കേരള ഫുട്ബാൾ അസോസിയേഷൻ മൈതാനം ഏറ്റെടുത്തതെന്ന ആക്ഷേപവും ഉയർന്നു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ ചടങ്ങിൽ സംബന്ധിച്ചു.
കോർപറേഷൻ മേയറെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും എത്തിയില്ല. മൈതാനം കൈമാറിയതോടെ 25 ലക്ഷം രൂപയുടെ കരുതൽ കരാർതുക ബാൻഡിഡോസ് മോട്ടോർസ്പോർട്സിന് വിട്ടുനൽകും.
ടാക്സ് ഇനത്തിൽ കോർപറേഷന് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും അഞ്ചു ലക്ഷം രൂപ നൽകുമെന്നും വാടക ഇനത്തിൽ ഒരു ലക്ഷവും നൽകുമെന്നും ബാൻഡിഡോസ് മോട്ടോർ സ്പോർട്സ് പ്രമോട്ടർ മുർഷിദ് ബഷീർ പറഞ്ഞു. 18000ത്തോളം ടിക്കറ്റുകളാണ് നൽകിയതെന്നും അതിൽ എത്ര എണ്ണം തിരിച്ചുവന്നെന്നും നോക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയതോതിൽ പാസ് ഇനത്തിലായിരുന്നു പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അമ്പതിനായിരത്തിലേറെപ്പേർ കളി കാണാനെത്തിയിരുന്നതായാണ് വിലയിരുത്തൽ. ടിക്കറ്റ് വിൽപനയിലൂടെയും കോർപറേഷന് വലിയ നഷ്ടം സംഭവിച്ചുവെന്നാണ് കോർപറേഷന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിക്കുന്നത്.
ഭാരം കൂടിയ ലോറികൾ കയറിയിറങ്ങി മൈതാനത്ത് കുണ്ടും കുഴിയും നിറയുകയും മൃദൃത്വം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും രാസവളവും വെള്ളവും നൽകിയതിനാൽ പുല്ലുകൾ കിളിർത്തതാണെന്നും വിമർശകർ പറയുന്നു. ഈ മൈതാനത്ത് കളി തുടർന്നാൽ പരിക്കുകൾ ഏറുമെന്ന് കളിക്കാരും പറയുന്നു. സൂപ്പർക്രോസ് റേസിങ് ലീഗ് സഹസ്ഥാപകൻ ഇഷാൻ ലോഖണ്ഡെ ചടങ്ങില് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

