നികുതിയിനത്തിൽ 86 കോടി പിരിച്ച് കോർപറേഷൻ
text_fieldsകോഴിക്കോട്: കോർപറേഷൻ നികുതി പിരിവ് ഇത്തവണ 63 ശതമാനത്തിലെത്തിയതായി മേയർ ഡോ. ബീന ഫിലിപ്പ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നികുതി ഇനത്തിൽ മൊത്തം സമാഹരിക്കേണ്ട 137.94 കോടി രൂപയിൽ 63 ശതമാനമായ 86 കോടി രൂപ തനത് വരുമാനത്തിലേക്ക് സമാഹരിക്കാൻ സാധിച്ചു. പുറമെ പ്രഫഷൻ ടാക്സ് (തൊഴിൽ നികുതി) ഇനത്തിൽ 72 ശതമാനം തുകയും പിരിച്ചെടുത്തു. ഡിമാൻഡ് നോട്ടീസ് വിതരണത്തോടൊപ്പം നിലവിലെ കെട്ടിട ഉടമകളുടെ ഫോൺ നമ്പർ അടക്കമുള്ള വിശദാംശങ്ങളും കോർപറേഷൻ ശേഖരിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് അടുത്ത വർഷം മുതൽ ഡിമാൻഡ് നോട്ടീസ് ഓൺലൈനായി നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു. ഇതോടെ 100 ശതമാനം നികുതിദായകർക്കും ഓൺലൈൻ പേമെന്റ് സംവിധാനം മുഖേന നികുതിയടക്കാൻ സാധിക്കും.
എന്നാൽ, വലിയ കുടിശ്ശിക നിലനിൽക്കുന്ന 2500ലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ആകെ 33 കോടി കുടിശ്ശികയുണ്ട്. ഈ കെട്ടിടങ്ങൾക്കെതിരെ മുനിസിപ്പൽ ആക്ട് നിഷ്കർഷിക്കുന്ന പ്രകാരം ജപ്തി, പ്രോസിക്യൂഷൻ നടപടികൾ ഉടൻ ആരംഭിക്കും. ആദ്യഘട്ടമായി ഡിമാൻഡ് നോട്ടീസ് വിതരണം, രണ്ടാംഘട്ടമായി റവന്യൂ റിക്കവറി നോട്ടീസ് വിതരണം എന്നിവ പൂർത്തിയായി കഴിഞ്ഞു. വസ്തു നികുതി കുടിശ്ശിക നിലനിന്നിരുന്ന 1,66,500ലധികം വരുന്ന കെട്ടിട ഉടമകൾക്കും ഡിമാൻഡ് നോട്ടീസ് വിതരണം നടത്തി.
എന്നാൽ, കെട്ടിടം കൈമാറിയെങ്കിലും രേഖകളിൽ പഴയ ഉടമസ്ഥൻതന്നെ നിലനിൽക്കുക, കെട്ടിടം പൊളിച്ചുനീക്കം ചെയ്തെങ്കിലും രേഖകളിൽ കെട്ടിടനികുതി നിലനിൽക്കുക, സർക്കാർ ഉത്തരവ് പ്രകാരം നികുതിയിളവ് ലഭ്യമാകുന്ന കെട്ടിടങ്ങൾക്ക് നികുതി ചുമത്തുക, തുക അടവാക്കിയെങ്കിലും ആയത് പോസ്റ്റിങ് വരാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഇത് പരിഹരിക്കുന്നതിനായി ഫെബ്രുവരി 20 മുതൽ വാർഡ് തലത്തിൽ കെട്ടിട നികുതി അദാലത്തുകൾ സംഘടിപ്പിച്ചുവരുന്നു.ഓരോ വാർഡിലും അഞ്ച് തലത്തിൽ അദാലത്തുകൾ നടത്തുന്നതിനാണ് കോർപറേഷൻ തീരുമാനിച്ചത്. ഇതിനകം രണ്ടു തലത്തിൽ പൂർത്തീകരിച്ചു. ഇത്തരത്തിൽ അദാലത്തുകൾ വഴി ലഭ്യമായ 1000ത്തിലധികം വരുന്ന പരാതികളിൽ 90 ശതമാനവും അദാലത്ത് വേദികളിൽവെച്ചുതന്നെ പരിഹരിച്ചു.
മാർച്ച് 31 വരെ കൂടുതൽ അദാലത്തുകൾ സംഘടിപ്പിക്കും. ഇതോടൊപ്പം ഏപ്രിൽ ഒന്നു മുതൽ സാമ്പത്തിക വർഷം ആദ്യ 30 ദിവസത്തിനകം ഒറ്റ തവണയായി നികുതി അടവാക്കുന്നവർക്ക് വാർഷിക നികുതിയുടെ അഞ്ച് ശതമാനം സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മേയർ ആവശ്യപ്പെട്ടു. സെക്രട്ടറി കെ.യു. ബിനിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

